യാസറാണ് ആദ്യം ആക്രമിച്ചതെന്നായിരുന്നു പണിമുടക്കനുകൂലികളുടെ വാദം. ഇത് തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മലപ്പുറം: സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്ക് ദിവസം മലപ്പുറം തിരൂരിൽ ഓട്ടോറിക്ഷ ഡ്രൈവരെ ആക്രമിച്ച സംഭവത്തിൽ പണിമുടക്ക് അനുകൂലികളുടെ വാദം പൊളിയുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചത് സംഘം ചേർന്നാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ യാസറിനെ പണിമുടക്ക് അനുകൂലികള്‍ മർദ്ദിക്കുകയായിരുന്നു. യാസറാണ് ആദ്യം ആക്രമിച്ചതെന്നായിരുന്നു പണിമുടക്കനുകൂലികളുടെ വാദം. ഇത് തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സംഭവത്തിൽ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവർ യാസറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രാദേശിക സി ഐ ടി യു നേതാവ് രഞ്ജിത്ത്, എസ് ടി യു നേതാവ് റാഫി അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടാണ് തൊഴിലാളി നേതാക്കൾ യാസറിനെ അടച്ചു പരിക്കേൽപ്പിച്ചത്. മർദ്ദനത്തിൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര വന്ന് അവശനായ യാസർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പൊതുപണിമുടക്ക്: രണ്ട് ദിവസത്തെ അക്രമങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 54 കേസുകൾ

രാജ്യവ്യാപക തൊഴിലാളി പണിമുടക്ക് നടന്ന മാർച്ച് 28,29 തീയതികളിൽ സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് 54 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാർച്ച് 28 ന് 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാർച്ച് 29 ന് 31 കേസുകളും രജിസ്റ്റർ ചെയ്തു. സമരക്കാരെ ആക്രമിച്ചതിലും കേസെടുത്തിട്ടുണ്ട്. വഴി തടഞ്ഞ സമരക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതിന് അമ്പലവയൽ പൊലീസാണ് കേസെടുത്തത്. കൃഷ്ണഗിരി സ്വദേശി ഷൈജു തോമസിനെ ഈ കേസിൽ റിമാന്റ് ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, വഴി തടയൽ, പരിക്കേൽപ്പിക്കൽ, സംഘം ചേരൽ തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് മറ്റ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പണിമുടക്ക് ദിവസത്തിൽ മലപ്പുറം തിരൂരിൽ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. തൃശ്ശൂർ ആലത്തൂര്‍ പാടൂര്‍ കെ എസ് ഇ ബി ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് സി പി എം ലോക്കല്‍ സെക്രട്ടറിമാർ അടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. സി പി എം പാടൂര്‍ ലോക്കല്‍ സെക്രട്ടറി പി സി പ്രമോദ്, കാവശ്ശേരി ലോക്കല്‍ സെക്രട്ടറി രജനീഷ്, സി പി എം പ്രവര്‍ത്തകരായ പ്രസാദ്, രാധാകൃഷ്ണന്‍, അനൂപ് എന്നിവരെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കെ എസ് ഇ ബി അസിസ്റ്റന്‍റ് എഞ്ചിനിയര്‍ ഉള്‍പ്പടെ എട്ടു ജീവനക്കാര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. 

തൊഴിലാളി സമരം ഉത്തരേന്ത്യയെ സാരമായി ബാധിചിരുന്നില്ല. ദില്ലി ജന്തർ മന്തറിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രതീഷേധ ധർണ സംഘടിപ്പിച്ചു. കടകൾ തുറന്നു പ്രവർത്തിച്ചു. വാഹനങ്ങൾ സാധാരണ പോലെ നിരത്തിലിറങ്ങി. സർക്കാർ സ്ഥാപനങ്ങളിൽ മുഴുവൻ ജീവനക്കാരും ഹാജരായി. അതേസമയം രണ്ട് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് സി ഐ ടി യു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു.