കോട്ടയം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിനെതിരെ കെഎം മാണിയുടെ മകളുടെ ഭർത്താവ് എംപി ജോസഫ് രംഗത്ത്. ജോസ് കെ മാണിക്ക് എൽഡിഎഫിൽ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസഫ് പറഞ്ഞു. സിപിഎമ്മുമായി സഹകരിക്കുന്നത് കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഉൾക്കൊള്ളാനാകില്ല. കോൺഗ്രസ് ആവശ്യപ്പെട്ടാൽ പാലായിൽ മത്സരിക്കാൻ തയ്യാറാണെന്നും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ എംപി ജോസഫ് പറഞ്ഞു.

ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചർച്ച ചെയ്യും. പാലാ സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ. ജോസിന്റെ മുന്നണി പ്രവേശനത്തിൽ സിപിഐ നിലപാടറിയാൻ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചർച്ച നടത്തും.

പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എൻസിപി സംസ്ഥാന നേതൃത്വം. മാണി സി കാപ്പൻ വിജയിച്ച സീറ്റായതിനാൽ മറ്റാർക്കും വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി. ഇന്ന് ചേരുന്ന സംസ്ഥാന നേതൃ യോഗത്തിൽ പാലാ സീറ്റ് വിഷയത്തില്‍ തത്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പന്‍റെ നീക്കം. മാണി സി കാപ്പൻ വിജയിച്ച സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ടിപി പീതാംബരൻ മാസ്റ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലാ, കുട്ടനാട്, ഏലത്തൂർ മണ്ഡലങ്ങളിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലാ വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ല. മാണി സി കാപ്പൻ എൻസിപി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.