കോട്ടയം: നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ജോസ് കെ മാണി. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷം അടക്കം സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോളാണ് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താതെയുള്ള ജോസ് കെ മാണിയുടെ പ്രതികരണം. ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ല, കുറ്റക്കാരെ സംരക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. സ്വർണ്ണക്കടത്ത് ഗൗരവമേറയ കേസെന്നും വലിയ മാഫിയ സംഘം പിറകിലുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. മുൻപും ഇതുപോലെ കേസുണ്ടായോയെന്ന് അന്വേഷിക്കണം. അടിവേര് മുറിക്കുന്ന അന്വേഷം വേണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. 

സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ ഇടതുമുന്നണി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് താഴെത്തട്ടില്‍ അനൗദ്യോഗികമായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍  നടന്നിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് വിവാദം സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കാനാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. ഇപ്പോഴത്തെ ഇടത് സഹകരണം പ്രതികൂലമാകുമെന്നാണ് ജോസ് പക്ഷത്തിന്‍റെ വിലയിരുത്തല്‍. 

സിപിഐയുടെ ശക്തമായ എതിര്‍പ്പിനിടയിലും കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷവുമായി പ്രദേശിക തലത്തില്‍ ധാരണയ്ക്കായിരുന്നു സിപിഎമ്മിന്‍റെ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സാധ്യമായിടത്തൊക്കെ ജോസ് പക്ഷവുമായി സഹകരിക്കാനും ലക്ഷ്യമിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിപ്പിച്ച ശേഷം നിയമസഭാ തെരഞ്ഞെടുപ്പിന്  മുൻപ് ജോസ് പക്ഷത്തെ മുന്നണിയിലെത്തിക്കാനായിരുന്നു സിപിഎമ്മിന്‍റെ തന്ത്രം. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് വിവാദം പ്രതികൂലമായി  ബാധിക്കുമെന്നാണ് ജോസ് പക്ഷം കരുതുന്നത്.