കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ജോസ് കെ മാണി പാർട്ടി ആസ്ഥാനത്തെത്തി. ചെയർമാന്റെ മുറിക്ക് പുറത്ത് ജോസ് കെ. മാണിയുടെ പേരുള്ള ബോർഡ് സ്ഥാപിച്ചു. കെ എം മാണിയുടെ ബോർഡ് മാറ്റിയാണ് ജോസ് കെ.മാണിയുടെ ബോർഡ് വെച്ചത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയിലാണ് ജോസ് കെ മാണിക്ക് തിരിച്ചടിയായ കോടതി ഉത്തരവ് ഉണ്ടായത്. അതേസമയം, കേരള കോൺഗ്രസ് ചെയർമാൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിയമ പോരാട്ടം തുടരുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കോടതി ഉത്തരവ് പരിശോധിക്കുമെന്നും പാർട്ടി പിളർന്നുവെന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, സി എഫ് തോമസും തോമസ് ഉണ്ണിയാടനും പി ജെ ജോസഫിനൊപ്പമാണ്.  കേരള കോണ്‍ഗ്രസ് മാണി എന്ന പാര്‍ട്ടിയില്‍ നിന്ന് ചിലര്‍ വിട്ടുപോയെന്നും ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ്, ഓഫീസ് ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം, പാര്‍ലമെന്‍റി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവർ ചേർന്ന് കേരള കോൺഗ്രസിനെ നയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു. 

ചെയർമാന്‍റെ അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കരുതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ചെയർമാനെന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാനും അധികാരം ഇല്ല. അച്ചടക്ക നടപടി പോലുള്ള പാര്‍ട്ടി നടപടികൾ  എടുക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചെയർമാന്‍റെ ഓഫീസ് കൈകാര്യം ചെയ്യാനും കോടതി ഉത്തരവ് അനുസരിച്ച് ജോസ് കെ മാണിക്ക് വിലക്കുണ്ട്.  ചെയർമാന്‍റെ അധികാരങ്ങളൊന്നും പ്രയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. ജൂലൈ 17 വരെ ഒരുമാസത്തേക്കാണ് കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.

Also Read:  കോടതി കയറി കേരളാ കോൺഗ്രസ് (എം): ജോസ് കെ മാണിയുടെ ചെയർമാൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് കോടതി