കോട്ടയം: കേരള കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി ജോസ് കെ മാണി വിഭാഗം. പി ജെ ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം നേതാവ് ജോഷി മണിമല മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ജോസഫ് ഗ്രൂപ്പ് യുവജന വിഭാഗം തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിൽ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ആരോപിച്ചാണ് ജോസ് കെ മാണി വിഭാഗം പരാതി നല്‍കിയത്. സമ്മേളനത്തിന് ആളെക്കൂട്ടാന്‍ ഭിന്നശേഷിയുള്ളവരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ജോസഫിനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലൂടെ ആവശ്യപ്പെടുന്നത്. 

പിളര്‍ന്ന് യൂത്ത് ഫ്രണ്ടും

കേരള കോൺഗ്രസിലെ പിളർപ്പ് താഴേത്തട്ടിലേക്കും പോഷക സംഘടനകളിലേക്കും വ്യാപിക്കുകയാണ്. കേരള കോൺഗ്രസ് എം പിളർപ്പിന് പിന്നാലെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടും പിളർന്നു. യൂത്ത് ഫ്രണ്ടിന്‍റെ 49ാം - ജന്മദിനാഘോഷം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും രണ്ടായാണ് ആഘോഷിച്ചത്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ പി ജെ ജോസഫിനൊപ്പമാണ്. 

ജോസ് കെ മാണി ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചപ്പോൾ പി ജെ ജോസഫിനൊപ്പം നിന്നയാളാണ്  സജി മഞ്ഞക്കടമ്പൻ. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആഘോഷം നടക്കുമ്പോൾ കോട്ടയത്ത് എതിർ വിഭാഗം യോഗം ചേർന്ന് പ്രസിഡന്‍റിനെ പുറത്താക്കി. യൂത്ത് ഫ്രണ്ടിന്‍റെ ഔദ്യോഗിക വിഭാഗമാണ് തിരുവനന്തപുരത്ത് യോഗം നടത്തിയതെന്ന് പറഞ്ഞ പിജെ ജോസഫ്, വിമത വിഭാഗം എന്ത് ചെയ്തെന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും ആൾക്കൂട്ടം ചെയർമാനെ തെരഞ്ഞെടുത്തത് പോലെയാണ് യൂത്ത് ഫ്രണ്ടിന് പുതിയ പ്രസിഡന്‍റ് വന്നതെന്നും കൂട്ടിച്ചേർത്തു.