Asianet News MalayalamAsianet News Malayalam

ജോസഫ് പക്ഷത്തെ തമ്മിലടി മുതലെടുക്കാൻ ജോസ് കെ മാണി; അതൃപ്തരായ നേതാക്കളെ മറുകണ്ടം ചാടിക്കാന്‍ ശ്രമം

ഭാരവാഹികളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെപ്പോലും മറികടക്കുന്ന സാഹചര്യത്തില്‍ ഇനിയും ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് കരുതുന്ന വലിയൊരു വിഭാഗത്തെയാണ് ജോസ് ലക്ഷ്യം വയ്ക്കുന്നത്.

Jose K Mani to take advantage of the crisis in the Kerala Congress Joseph faction
Author
Kottayam, First Published Jul 17, 2021, 9:16 AM IST

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ പ്രതിസന്ധി മുതലെടുക്കാൻ ജോസ് കെ മാണി. അതൃപ്തരായ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. സിപിഎമ്മിന്‍റെ പിന്തുണയോടെയാണ് നീക്കം. പാര്‍ട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി ഉടലെടുത്ത പ്രതിസന്ധി മുതലെടുത്ത് ജോസഫ് പക്ഷത്തെ ക്ഷീണിപ്പിക്കാനാണ് ജോസ് കെ മാണിയുടേയും കൂട്ടരുടേയും നീക്കം.

ഇക്കഴിഞ്ഞ സ്റ്റീയറിംഗ് കമ്മിറ്റിയില്‍ കൂടുതല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും യുഡിഎഫില്‍ നിന്ന് തിരികെ എത്തിക്കണമെന്ന തീരുമാനം എടുത്തിരുന്നു. ജോസഫ് വിഭാഗത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ചില നേതാക്കള്‍ ജോസ് കെ മാണിയോടെ രഹസ്യ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. ഭാരവാഹികളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെപ്പോലും മറികടക്കുന്ന സാഹചര്യത്തില്‍ ഇനിയും ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് കരുതുന്ന വലിയൊരു വിഭാഗത്തെയാണ് ജോസ് ലക്ഷ്യം വയ്ക്കുന്നത്.

നിയമസഭയില്‍ തിരിച്ചടി കൂടി നേരിട്ടതോടെ പലരും അതൃപ്തരാണ്. ജോസഫിനെ നോക്കുകുത്തിയാക്കി മോൻസ് ജോസഫും ജോയി എബ്രഹാമും പാര്‍ട്ടി പിടിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും ഒരു വിഭാഗം ആക്ഷേപിക്കുന്നു. നേതാക്കള്‍ക്ക് പകരും കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് പാര്‍ട്ടി വിപുലപ്പെടുത്താനാണ് സിപിഎം ജോസ് കെ മാണിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം പാര്‍ട്ടിയിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്. മോൻസ് ജോസഫിന്‍റെ പാര്‍ട്ടിയിലെ ഉന്നത പദവിയെച്ചൊല്ലിയാണ് തര്‍ക്കം. തല്‍ക്കാലം മോൻസിനെക്കൊണ്ട് എക്സിക്യൂട്ടീവ് ചെയര്‍മാൻ സ്ഥാനം രാജിവപ്പിച്ച് വിമത പക്ഷത്തെ അനുനയിപ്പിക്കാനാണ് നീക്കം. ഫ്രാൻസിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂര്‍ എന്നിവരാണ് ഇടഞ്ഞ് നില്‍ക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios