കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്ന് എംപി കുടുംബാംഗങ്ങളെ അറിയിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്.

കോട്ടയം: മണിമല വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വീട്ടിൽ ജോസ് കെ മാണി എം പി എത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിൻസിന്റെയും ജീസിന്റെയും വീട്ടിൽ എത്തിയത്. അരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്ന് എംപി കുടുംബാംഗങ്ങളെ അറിയിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്.

മകൻ സഞ്ചരിച്ച കാർ ഇത്തരത്തിൽ അപകടം ഉണ്ടാക്കിയിട്ടും ജോസ് കെ മാണി ഇതുവരെ ആ കുടുംബത്തെ ബന്ധപ്പെട്ടിരുന്നില്ല. ഇത് പാർട്ടി പ്രവർത്തകരിൽ നിന്നും വിമർശനത്തിന് വഴിവെച്ചിരുന്നു. അതിനിടെയാണ് പ്രവർത്തകർക്കൊപ്പം വീട്ടിലെത്തിയത്. എല്ലാവിധ പിന്തുണയും എം പി വാ​ഗ്ദാനം ചെയ്തുവെന്നാണ് അറിയുന്നത്. 

ജോസ് കെ മാണിയുടെ മകനോട് വിദ്വേഷമൊന്നുമില്ലെന്ന്, മണിമല അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി നേരത്തെ പറഞ്ഞിരുന്നു. എംപിയുടെ മകനോട് മനസില്‍ വിദ്വേഷമൊന്നുമില്ല, പക്ഷേ തൻ്റെ കുടുംബത്തിന് നീതി നിഷേധിക്കരുതെന്ന് ജോളി ആവശ്യപ്പെട്ടു. മരിച്ച ജിസിൻ്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നോട്ടുളള ജീവിതത്തിന് ജോലി നല്‍കണം. അപകടശേഷം ജോസ് കെ മാണിയുടെ വീട്ടില്‍ നിന്ന് ആരും ഇതുവരെ വന്നിട്ടില്ലെന്നും ജോളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകടം; 'പൊലീസ് പറഞ്ഞിടത്ത് ഒപ്പിടുക മാത്രമാണ് ചെയ്തതെ'ന്ന് സാക്ഷി

അപകട ശേഷം ജോസ് കെ മാണിയുടെ കുടുംബത്തില്‍ നിന്ന് രണ്ടു ലക്ഷം നഷ്ടപരിഹാരം വാങ്ങിയെന്ന പ്രചരണം വ്യാജമാണെന്നും ജോളി പറഞ്ഞു. ഇനിയും പൈസ വന്നുകൊണ്ടിരിക്കുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അപകടശേഷം ജോസ് കെ മാണിയോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ കാണാന്‍ വരികയോ വിളിക്കുകയോ പോലും ചെയ്തിട്ടില്ലെന്നും നുണപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ജോളി അഭ്യര്‍ത്ഥിച്ചു. ഈ വാർത്ത പുറത്തുവന്നതോടെയാണ് ജോസ് കെ മാണിയുടെ സന്ദർശനം നടന്നത്.