Asianet News MalayalamAsianet News Malayalam

ജോസ് ടോമിന് രണ്ടില ചിഹ്നം ഇല്ല: യുഡിഎഫിന് പാലായിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കേരളാ കോൺഗ്രസിന്‍റെ വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയിൽ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ല. അതുകൊണ്ട് കേരളാ കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. 

jose tom independent candidate pala constituency
Author
Kottayam, First Published Sep 5, 2019, 4:58 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കേരളാ കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിന് പത്രിക സമര്‍പ്പിക്കാനാകില്ലെന്ന് വരണാധികാരി നിലപാടെടുത്തു. ഇതോടെ പാലാ മണ്ഡലത്തിൽ രണ്ടില ചിഹ്നത്തിൽ കേരളാ കോൺഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലാതായി. കേരളാ കോൺഗ്രസിന്‍റെ വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയിൽ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ല. അതുകൊണ്ട് കേരളാ കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. 

കേരളാ കോൺഗ്രസിലെ ഇരു വിഭാഗങ്ങൾക്കിടയിലെ അധികാര വടംവലികൾക്ക് ഒടുവിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്‍റെ അവസാന മണിക്കൂറിൽ പിജെ ജോസഫിന് നിലപാടിൽ വിജയം നേടാനായത്. കെഎം മാണിയുടെ വിയോഗ ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ സ്വന്തം ചിഹ്നത്തിലല്ലാതെ മത്സരത്തിനിറങ്ങേണ്ടി വരുന്നത് ജോസ് കെ മാണി വിഭാഗത്തിനും തിരിച്ചടിയായി. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തൊട്ട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വരെ നാടകീയ നീക്കങ്ങളാണ് കേരളാ കോൺഗ്രസിനകത്ത് നടന്നത്. പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ ചേരി തിരിഞ്ഞ് പോരടിക്കുന്നത് വരെ കാര്യങ്ങളെത്തുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് വരണാധികാരിയുടെ തീരുമാനം വന്നത്. 

സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് ചെയർമാനോ വർക്കിംഗ് ചെയർമാനോ എകപക്ഷീയമായല്ല, മറിച്ച് സ്റ്റിയറിംഗ് കമ്മറ്റിയാണെന്നാണ് ജോസ് കെ മാണിയെ അനുകൂലിക്കുന്നവര്‍ വാദിച്ചത്. യഥാർത്ഥ സ്റ്റിയറിംഗ് കമ്മിറ്റിയാണ് ജോസ് ടോമിനെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തതെന്നും പിജെ ജോസഫ് വിരുദ്ധ വിഭാഗം വാദിച്ചു. 

അതേസമയം ചിഹ്നം നൽകില്ലെന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫിൽ ധാരണ ഉണ്ടായിരുന്നെന്നാണ് പി ജെ ജോസഫ് പറയുന്നത്. മറിച്ചുള്ള ജോസ് കെ മാണിയുടെ നീക്കങ്ങൾ ദുരൂഹമാണെന്ന് ആരോപിച്ച പി ജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പൂര്‍ണ്ണ പിന്തുണ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. 

സ്വതന്ത്രനായാലും കേരളാ കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന നിലയിൽ ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് ജോസ് ടോം പ്രതികരിച്ചു. കെഎം മാണിയുടെ മുഖമാണ് പാലായിലെ ചിഹ്നമെന്നും ജോസ് ടോം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios