Asianet News MalayalamAsianet News Malayalam

'ഇടതിനോട് ചേരുന്ന ജോസിനോടൊപ്പമില്ല'; മുൻ എംഎല്‍എ ജോസഫ് എം പുതുശേരി പാര്‍ട്ടി വിട്ടു

പാര്‍ട്ടി യുഡിഎഫ് വിട്ടസമയത്ത് കടുത്ത അതൃപ്തി യോഗങ്ങളില്‍ പുതുശേരി അറിയിച്ചിരുന്നു. ജോസ് പക്ഷത്തെ തിരികെ യുഡിഎഫിലെത്തിക്കാൻ ചില മധ്യസ്ഥശ്രമങ്ങളും പുതുശേരി നടത്തിയിരുന്നു. 

joseph m puthussery quits kerala congress
Author
Kottayam, First Published Sep 24, 2020, 12:19 PM IST

കോട്ടയം: മുൻ എംഎല്‍എ ജോസഫ് എം പുതുശേരി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം വിട്ടു. ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് ചേക്കറുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിന്‍റെ ഭാഗമാകാനാണ് പുതുശേരിയുടെ നീക്കം.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന്‍റെ ഉന്നതാധികാര സമിതി അംഗമായിരുന്നു ജോസഫ് എം പുതുശേരി. പാര്‍ട്ടി യുഡിഎഫ് വിട്ടസമയത്ത് കടുത്ത അതൃപ്തി യോഗങ്ങളില്‍ പുതുശേരി അറിയിച്ചിരുന്നു. ജോസ് പക്ഷത്തെ തിരികെ യുഡിഎഫിലെത്തിക്കാൻ ചില മധ്യസ്ഥശ്രമങ്ങളും പുതുശേരി നടത്തി. പക്ഷേ പുതുശേരിയുടേയും കൂട്ടരുടേയും അഭിപ്രായം കണക്കിലെടുക്കാതെ ജോസ്  പക്ഷം ഇടത് മുന്നണി പ്രവേശന നീക്കങ്ങള്‍ ശക്തമാക്കിയതോടെയാണ് പാര്‍ട്ടി വിടാൻ അദ്ദേഹം തീരുമാനിച്ചത്. കുറച്ച് ദിവസങ്ങളായി പാര്‍ട്ടിയോഗങ്ങളിലും മറ്റും പങ്കെടുക്കുന്നില്ല.

പുതുശേരിക്കൊപ്പം ചില പ്രാദേശിക നേതാക്കളും യുഡിഎഫിലേക്ക് മടങ്ങുമെന്നാണ് വിവരം. പിജെ ജോസഫുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജോസ് പക്ഷത്ത് നിന്ന് രാജി വയ്ക്കാനുള്ള പുതുശേരിയുടെ തീരുമാനം. പുതുശേരി തീരുമാനം പുനപരിശോധിക്കണമെന്ന് ജോസ്പക്ഷം വ്യക്തമാക്കി.

ജോസ് പക്ഷം ഇടത് മുന്നണിയിലെത്തുമെന്ന കാര്യം ഉറപ്പായതോടെ പരമാവധി പേരെ കോണ്‍ഗ്രസിന്‍റെ സഹായത്തോടെ അവിടെ നിന്ന് അടര്‍ത്തിയെടുക്കാനാണ് ജോസഫിന്‍റെ നീക്കം. യുഡിഎഫ് വഞ്ചിച്ചെന്ന പ്രചാരണം നടത്തി കൊഴിഞ്ഞ്പോക്ക് തടയിടാനാണ് ജോസ് പക്ഷം ലക്ഷ്യമിടുന്നത്.

Follow Us:
Download App:
  • android
  • ios