Asianet News MalayalamAsianet News Malayalam

മാധ്യമപ്രവർത്തകൻ പ്രദീപിന്റെ മരണം; ദുരൂഹതയില്ലെന്ന് പൊലീസ്, അപകടമരണമെന്ന് പ്രാഥമിക നിഗമനം

ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകൾ നീക്കാൻ പൊലീസ്  അന്വേഷണം വ്യാപിപ്പിച്ചു. 

journalist sv pradeep death updation from police
Author
Thiruvananthapuram, First Published Dec 17, 2020, 1:25 PM IST

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്.   സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകൾ നീക്കാൻ പൊലീസ്  അന്വേഷണം വ്യാപിപ്പിച്ചു. 

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വെച്ച് പ്രദീപിനെ ഇടിച്ചിട്ട ലോറി നിർത്താതെ പോയതോടെ വലിയ ദുരൂഹത ഉയർന്നിരുന്നു. അപകടത്തിൽ സംശയവുമായി ബന്ധുക്കൾ രംഗത്തുവന്നു.   പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്  വാഹനം കണ്ടെത്തിയതും ഡ്രൈവറെ പിടികൂടിയതും.  നടന്നത് വാഹനാപകടം മാത്രമാണെന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇതുവരെയുള്ള നിഗമനം.  

ലോഡെടുത്തത് മുതലുള്ള സഞ്ചാര വിവരം പൊലീസ് ശേഖരിച്ചു.  വ്യക്തത വരുത്താൻ ഇന്നലെ കൂടുതൽ സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.  ഡ്രൈവറുടെ മൊഴി പരിശോധിച്ച ശേഷമാവും കൂടുതൽ നടപടികളെന്നും പൊലീസ് പറഞ്ഞു.  ആക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് അപകട ശേഷം ലോറി നിർത്താതെ പോയതെന്നാണ് ഡ്രൈവറുടെ മൊഴി.  എന്നാൽ അപകടം നടന്നത് അറിഞ്ഞില്ലെന്നാണ് വാഹന ഉടമ പറഞ്ഞത് . മൊഴികളിലെ ഈ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും. വട്ടിയൂർ കാവിൽ നിന്നും വാഹനത്തിൽ ഉണ്ടായിരുന്ന എം സാന്‍റ് വെള്ളായണിയിൽ കൊണ്ടിട്ട ശേഷം മറ്റൊരു വഴിയിലൂടെ പേരൂർക്കടയിലേക്കാണ് പോയത്.  പിറ്റേ ദിവസം ലോറിയുമായി ഇറങ്ങി.  ഈ വിവരങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കും. അറസ്റ്റിലായ ഡ്രെവർ ജോയിയെ റിമാൻഡ് ചെയ്തു.


 

Follow Us:
Download App:
  • android
  • ios