നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് ഇതുവരെ കമ്മീഷന് മുമ്പില്‍ ഹാജരാക്കിയിട്ടില്ല. 

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ ജുഡീഷ്യൽ കമ്മീഷൻ. ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ജസ്റ്റിസ് നാരായണക്കുറുപ്പിന്‍റെ വിമര്‍ശനം. നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് ഇതുവരെ കമ്മീഷന് മുമ്പില്‍ ഹാജരാക്കിയിട്ടില്ല. ആവശ്യപ്പെട്ടിട്ടും രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫിനെ നേരിട്ട് വിളിച്ചുവരുത്തി കമ്മീഷന്‍ തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രഹസ്യസ്വഭാവുമള്ളതിനാല്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന വിശദീകരണമാണ് കമ്മീഷന് ലഭിച്ചത്. 

സമാന്തരമായി അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ അധികാരമുള്ള കമ്മീഷനെതിരെ നിഷേധാത്മക നിലപാടെടുത്തതാണ് കമ്മീഷനെ ചൊടിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത എന്ത് രഹസ്യസ്വഭാവമാണ് രേഖകളിലുള്ളതെന്നും സഹകരിക്കാൻ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ജുഡീഷ്യൽ കമ്മിഷനെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് ചോദിച്ചു. ആഭ്യന്തരവകുപ്പിന്‍റെ നിഷേധാത്മക നിലപാട് സംസ്ഥാന സര്‍ക്കാരിന്‍റെയും ഹൈക്കോടതിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനാണ് കമ്മീഷന്‍റെ തീരുമാനം. തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കും. തുടര്‍ന്നും സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കമ്മീഷന്‍റെ തീരുമാനം.