നിർമിത ബുദ്ധിയുടെ കാലത്ത് സത്യം തിരിച്ചറിയുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

കോഴിക്കോട്: നിർമിത ബുദ്ധിയുടെ കാലത്ത് സത്യം തിരിച്ചറിയുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അതിവേഗം പ്രചരിക്കുന്ന വിവരങ്ങൾ സത്യമെന്ന് വിശ്വസിക്കേണ്ട ഗതികേടിലാണ് ഇന്നത്തെ സമൂഹം. ഇത് അപകടകരമായ ഒരു പുതിയ കാലത്തെയാണ് നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മനുഷ്യൻ നിർമിച്ച നിർമിത ബുദ്ധി മനുഷ്യനെ തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറാൻ അനുവദിക്കരുത്. യഥാർത്ഥത്തിൽ ഒരു കാര്യം എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടുള്ള കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന വിവരങ്ങൾ അതിവേഗം മുന്നിലെത്തുമ്പോൾ, അത് ശരിയാണോ തെറ്റാണോ എന്ന് വിലയിരുത്താൻ പോലും സമയം ലഭിക്കുന്നില്ല. ഇത്തരത്തിൽ യന്ത്രങ്ങൾ നിർമ്മിക്കുന്ന വിവരങ്ങളെയാണ് അദ്ദേഹം 'സിന്തറ്റിക് പ്രസ്' എന്ന് വിശേഷിപ്പിച്ചത്. ഇത് നീതിന്യായ വ്യവസ്ഥയെ പോലും ബാധിക്കുന്നുണ്ടെന്നും, അഭിഭാഷകർ പോലും വാദങ്ങൾക്കായി വാട്‌സാപ്പ് പോലെയുള്ള അവിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

'വക്കീലന്‍മാര്‍ പോലും ഇത്തരം വിവരങ്ങളാണ് വാദിക്കാനായി കൊണ്ടുവരുന്നത്. അപ്പോള്‍ വാട്​സാപ്പ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന കാര്യങ്ങളല്ല ഇവിടെ വേണ്ടതെന്ന് പലപ്പോഴും ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ചില വാദങ്ങളൊക്കെ കാണുമ്പോള്‍ ഞെട്ടിപ്പോകും. വാതോരാതെ വാദിക്കുന്നതൊക്കെ കാണുമ്പോള്‍ തോന്നും വലിയ ഗവേഷണം നടത്തിയാണ് ഇവര്‍ വാദിക്കാനെത്തുന്നതെന്ന്. എന്നാല്‍ സത്യമെന്താണെന്ന് വെച്ചാല്‍ രണ്ട് മിനിറ്റ് മുമ്പെ വാട്സ് ആപ്പില്‍ വന്ന കാര്യമായിരിക്കും അവര്‍ പ്രധാന ടൂളായി കൊണ്ടുവന്നിട്ടുണ്ടാവുക.

വാട്സ് ആപ്പ് എന്താണോ പറഞ്ഞത് അതാണ് അവരുടെ ഏറ്റവും വലിയ വിവരം. ചിത്രങ്ങളെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണിന്ന്. പണ്ട് പറയുക ചിത്രങ്ങള്‍ ആയിരം വാക്കുകളുടെ കഥ പറയുമെന്നാണ്. എന്നാല്‍ ഇന്നത് പറയാന്‍ കഴിയുമോ? കുംഭമേളയില്‍ വരുന്ന ട്രംപിന്റെ ചിത്രം പുറത്ത് വരുന്നു. ഡാന്‍സ് ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ വരുന്നു. എന്താണ് അവസ്ഥ. അവര്‍ അറിയുകപോലും ചെയ്യാത്ത കാര്യമാണത്. ഇതാണ് പുതിയ കാലം. എന്തിന് വിദഗ്ധര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങള്‍ പോവുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കേസുകൾ തീർപ്പാക്കാൻ നിർമിത ബുദ്ധിയുടെ സഹായം തേടാമോ എന്ന ചോദ്യത്തിന്, ജനങ്ങൾ കോടതിയെ വിശ്വസിക്കുന്നത് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അത് ഒരു യന്ത്രം നൽകുന്ന വിധിയിലൂടെയാകാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മറുപടി നൽകി. ഒരു സങ്കീർണ്ണമായ വിഷയത്തിന് ഒരു കമ്പ്യൂട്ടർ ഒരൊറ്റ ഉത്തരം മാത്രം നൽകുമെങ്കിൽ, മനുഷ്യ ബുദ്ധിക്ക് പത്ത് വ്യത്യസ്തമായ വഴികളിലൂടെ അതിനെ വിശകലനം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാലത്തെ മനുഷ്യൻ്റെ കൗതുകങ്ങളും ട്രോളുകളും സത്യത്തെ ഇല്ലാതാക്കുന്നു. ഒരു ചിത്രം കൊണ്ട് ഒരാളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത സത്യമാണോയെന്ന് ഉറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയാണിന്നുള്ളത്. കാണുന്നതും കേൾക്കുന്നതും എല്ലാം ശരിയാണെന്ന കാലം അവസാനിച്ചെന്നും അദ്ദേഹം ഓർമിപ്പിച്ചു.