സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി

ദില്ലി:ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി. 

 ഒറ്റക്കെട്ടായാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുടെ പേര് ഇന്ത്യ സഖ്യം നിശ്ചയിച്ചത്. ആർഎസ്എസിനെതിരെ ഭരണഘടന സംരക്ഷിക്കാനുള്ള ആശയ പോരാട്ടമാണിതെന്ന് ഇന്ത്യ സഖ്യനേതാക്കൾ പറഞ്ഞു. ജനസംഖ്യയുടെ 60 ശതമാനത്തെ പ്രതിനീധീകരിക്കുന്ന പാർട്ടികൾ ചേർന്ന് തന്‍റെ പേര് നിശ്ചയിച്ചതിൽ സന്തോഷമെന്ന് ജസ്റ്റിസ് സുദർശൻ റെഡ്ഡി പ്രതികരിച്ചു. സിപി രാധാകൃഷ്ണനെ എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള എൻഡിഎ നീക്കം ഇതോടെ പൊളിഞ്ഞു.

സിപി രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കി ഡിഎംകെയെ സമ്മർദ്ദത്തിലാക്കാൻ നോക്കിയ ബിജെപിക്കെതിരെ 'സുദർശന ചക്രം' പ്രയോഗിച്ചാണ് ഇന്ത്യ സഖ്യത്തിന്‍റെ മറുപടി. ഇന്നലെ മുതൽ തുടങ്ങിയ അനൗപചാരിക ചർച്ചകൾക്ക് ഒടുവിലാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. തമിഴ്നാട്ടിൽ നിന്ന് ശാസ്ത്രജ്ഞനായ അണ്ണാദുരൈയുടെ പേരും തുഷാർ ഗാന്ധിയുടെ പേരും ഇന്നലെ ചർച്ചയിൽ വന്നിരുന്നു. തമിഴ്നാട്ടിലെ രണ്ടു പേർക്കിടയിലെ മത്സരമാക്കി ഇതു മാറ്റരുതെന്ന് പല നേതാക്കളും നിർദ്ദശിച്ചു. തുഷാർ ഗാന്ധിയുടെ പേര് അംഗീകരിക്കാനാകില്ലെന്ന് സമാജ് വാദി പാർട്ടി അറിയിച്ചു. ഇതോടെയാണ് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ജാതി സെൻസസ് നടപ്പാക്കാൻ നിശ്ചയിച്ച സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായ ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് നറുക്ക് വീണത്.

സിപി രാധാകൃഷ്ണനെ എതിരില്ലാതെ തെരഞ്ഞെടുക്കാൻ സമവായ ശ്രമം തുടരുന്നുവെന്നാണ് ഇന്ന് ചേർന്ന എൻഡിഎ പാർലെൻററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. ഡിഎംകെയെ ബിജെപി ലക്ഷ്യമിട്ടപ്പോൾ ആന്ധ്രയിലെ പാർട്ടികളെ ഇന്ത്യ സഖ്യം സമ്മർദ്ദത്തിലാക്കുകയാണ്. നിലപാടിൽ മാറ്റമില്ലെന്ന് ടിഡിപി അറിയിച്ചെങ്കിലും വൈഎസ്ആർ കോൺഗ്രസ്, ബിആർഎസ് എന്നീ കക്ഷികളുടെ പതിനഞ്ച് എംപിമാർ എന്തു നിലപാടെടുക്കും എന്നാണ് അറിയേണ്ടത്. നിലവിൽ 427 പേർ എൻഡിഎയിലും 350 പേർ ഇന്ത്യ സഖ്യത്തിലുമുണ്ട്. കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വെറും 182 വോട്ട് കിട്ടിയ പ്രതിപക്ഷത്തിന് ഇത്തവണ അതിന്‍റെ ഇരട്ടിക്കടുത്ത് വോട്ട് നേടി ശക്തി കാണിക്കാൻ ഈ മത്സരം സഹായിക്കും. ആർഎസ്എസ് നേതാവിനും ഭരണഘടന ഉയർത്തിപിടിക്കുന്ന ഒരു ന്യായാധിപനും ഇടയിലെ പോരാട്ടമായാണ് പ്രതിപക്ഷം ഇതിനെ വ്യാഖ്യാനിക്കുന്നത്.

ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡി

സുദർശൻ റെഡ്ഡി 1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിൽ ജനിച്ചു. 1971ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ ആറു മാസം കേന്ദ്ര സർക്കാരിന്‍റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ അഞ്ചിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ എട്ടുവരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു. ഗോവയിലെ ലോകായുക്തയായും പ്രവർത്തിച്ചു. 

YouTube video player