ആലപ്പുഴ: കെ കെ മഹേശന്‍റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള കോടതി നിര്‍ദേശത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മഹേശന്‍റെ കുടുംബം. കോടതി നടപടിയിലൂടെ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മഹേശന്‍റെ ഭാര്യ ഉഷാ ദേവി പറഞ്ഞു. 

ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയന്‍കാരും വെള്ളാപ്പള്ളിയും മഹേശന്‍റെ കുടുംബത്തെ മോശക്കാരാക്കുകയാണ്. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും മഹേശന്‍റെ ഭാര്യ ഉഷാ ദേവി പറഞ്ഞു. കെ കെ മഹേശന്‍റെ മരണത്തില്‍ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന്‍റെ സഹായി കെകെ അശോകൻ, ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുക്കും.

മഹേശന്‍റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിലാണ്  ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാൻ കോടതി ആവശ്യപ്പെട്ടത്. മാരാരിക്കുളം പൊലീസിനോടാണ് പുതിയ വകുപ്പുകൾ ചേർത്ത് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉഷാദേവിയുടെ ഹർജി പരിഗണിച്ചത്. വെള്ളാപ്പള്ളി, അശോകൻ, തുഷാർ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളായി കേസെടുക്കാനാണ് കോടതിയുടെ നിർദേശം.