Asianet News MalayalamAsianet News Malayalam

അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് ധനസഹായം: 25,000 മുതല്‍ 2 ലക്ഷം വരെ നല്‍കുമെന്ന് ആരോഗ്യമന്ത്രി

ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാര്‍ഹിക പീഡനം,  ലിംഗവിവേചനം എന്നിങ്ങനെ അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. 

k k shailaja on ashwasanidhi programme
Author
Thiruvananthapuram, First Published Nov 4, 2020, 4:26 PM IST

തിരുവനന്തപുരം: അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാര്‍ഹിക പീഡനം,  ലിംഗവിവേചനം എന്നിങ്ങനെ അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. ഓരോ വിഭാഗത്തിന്‍റേയും തീവ്രത അനുസരിച്ച് 25,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് ധനസഹായം നൽകുന്നത്. 2018 ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 204 പേര്‍ക്ക് ഒരു കോടി അന്പത്തിയാറ് ലക്ഷത്തി പതിനായിരം രൂപ അനുവദിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

അതിക്രമങ്ങളിലൂടെ അടിയന്തിരവും ഗുരുതരവുമായ ശാരീരിക മാനസിക ആരോഗ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകാനാണ് ആശ്വാസനിധി പദ്ധതി നടപ്പാക്കിയത്. ഗാര്‍ഹിക പീഡനത്താലുണ്ടാകുന്ന ശാരീരികവും മാനസികവുമായ പരിക്കുകള്‍, മനുഷ്യക്കടത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെയും, പോക്‌സോ ആക്ടിനു കീഴിലുള്ള ലൈംഗികാതിക്രമങ്ങള്‍, ബലാത്സംഗം, കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമങ്ങള്‍, അതിക്രമം നിമിത്തം ഗര്‍ഭം ധരിച്ചവര്‍, അംഗഭംഗം, ജീവഹാനി, ഗര്‍ഭസ്ഥ ശിശുവിന്റെ നഷ്ടം, വന്ധ്യത സംഭവിക്കല്‍, തീപ്പൊളളലേല്‍ക്കല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് 50,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയും, ആസിഡ് ആക്രമണം നേരിട്ടവര്‍ക്ക് 1 ലക്ഷം രൂപ മുതല്‍ 2 ലക്ഷം രൂപ വരെയുമാണ് തുക അനുവദിക്കുന്നത്.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്താല്‍ കുട്ടികളുടെ പരാതിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറും, സ്ത്രീകളുടെ പരാതിയില്‍ വനിത സംരക്ഷണ ഓഫീസറും വിവിധ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നു. ഇവരുടെ റിപ്പോര്‍ട്ടും ശിപാര്‍ശയും ഉള്‍പ്പെടെ പരിശോധിച്ചാണ് സംസ്ഥാന തലത്തില്‍ നിന്നു തുക അനുവദിച്ചു വരുന്നത്.

Follow Us:
Download App:
  • android
  • ios