ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വച്ചാണ് സര്‍വ്വകക്ഷിയോഗം നടക്കുക. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. 

പാലക്കാട്: പാലക്കാട് ഇരട്ടകൊലപാതകത്തില്‍ (palakkad murders) പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി (k krishnankutty). കുറ്റക്കാരെ വൈകാതെ പിടികൂടും. സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വച്ചാണ് സര്‍വ്വകക്ഷിയോഗം നടക്കുക. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. സ്പീക്കർ എം ബി രാജേഷ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കും. ബിജെപി, പോപ്പുലര്‍ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് എന്നിവരാവും യോഗത്തിനെത്തുക. നിലപാട് തീരുമാനിക്കാന്‍ രാവിലെ ബിജെപി നേതാക്കള്‍ യോഗം ചേരും.

YouTube video player

അതേസമയം ഇരട്ടക്കൊലപാതകത്തില്‍ കസ്റ്റഡിയിലായ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ കൃത്യത്തില്‍ പങ്കെടുത്തവരെ സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിലെ ആറ് പ്രതികളില്‍ ചിലര്‍ ഇന്നു വലയിലാവുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. പാലക്കാട് ജില്ലയിൽ ബൈക്ക് യാത്രകൾക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റിൽ ഇരുത്തി യാത്ര ചെയ്യാൻ പാടില്ല. ഡിസ്ട്രിക്റ്റ് അഡീഷണൽ മജിസ്ട്രേറ്റിന്‍റേതാണ് ഉത്തരവ്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താൻ അക്രമി സംഘമെത്തിയത് ബൈക്കുകളിലായിരുന്നു. ഇതാണ് നിയന്ത്രണം കര്‍ശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ബുധനാഴ്ച്ചവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.