കുറച്ച് പേര്‍ പോയാൽ പാർട്ടി നശിക്കില്ലെന്നും കെ മുരളീധരൻ.മുഖ്യമന്ത്രിയ്ക്ക് അധികാരം മത്തുപിടിപ്പിച്ചുവെന്നും വിമര്‍ശനം
കോഴിക്കോട്: പിണറായിയുടെ ചായ കുടിക്കുന്നവരെ കോൺഗ്രസിന് വേണ്ടെന്ന് കെ മുരളീധരൻ എംപി. ചില പ്രാദേശിക നേതാക്കൾ ഷൈൻ ചെയ്യാനായി അത്തരം പരിപാടികൾക്ക് പോകുന്നുവെന്നും അങ്ങനെ ആളുകൾ പോയാൽ പാർട്ടി നശിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് അധികാരം മത്തുപിടിപ്പിച്ചു. കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്ക് വേണ്ടി ഗുണ്ടാപണി എടുക്കുന്നുവെന്നും എംപി വിമർശിച്ചു. മുഖ്യമന്ത്രിയ്ക്ക് എതിരായ പ്രതിഷേധത്തിനിടെ കെഎസ് യു പ്രവര്‍ത്തകന്‍റെ കഴുത്തു ഡിസിപി ഞെരിച്ച സംഭവത്തിലാണ് പ്രതികരണം.
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നവ കേരള സദസ്സിൽ കോൺഗ്രസ് ലീഗ് നേതാക്കൾ പങ്കെടുത്തു. തിരൂരിൽ നടന്ന പ്രഭാത യോഗത്തിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തു .യൂ ഡി എഫ് നേതാക്കൾ നവകേരള സദസ്സിനെത്തുന്നത് നാടിന്‍റെ പൊതു വികാരത്തോടൊപ്പം ചേരുന്നത് കൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
