Asianet News MalayalamAsianet News Malayalam

പാർട്ടി പോകുന്നത് റിവേഴ്‌സ് ഗിയറിൽ, സ്വർണവും സ്വപ്നയും രക്ഷിക്കില്ല; തോറ്റത് മെച്ചമായെന്നും കെ മുരളീധരൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എങ്ങിനെ ഇത്രയും ഭൂരിപക്ഷം കിട്ടിയെന്ന് സ്ഥാനാർത്ഥികൾക്ക് അറിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു

K Muraleedharan Continues criticism against Congress leaders in Kerala
Author
Thiruvananthapuram, First Published Dec 23, 2020, 5:36 PM IST

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി വടകര എംപി കെ മുരളീധരൻ. പാർട്ടി പോകുന്നത് റിവേഴ്സ് ഗിയറിലാണെന്നും സ്വർണവും സ്വപ്നയും രക്ഷിക്കില്ലെന്നും തോറ്റത് മെച്ചമായെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എങ്ങിനെ ഇത്രയും ഭൂരിപക്ഷം കിട്ടിയെന്ന് സ്ഥാനാർത്ഥികൾക്ക് അറിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

'കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇന്ന് പലർക്കും മനസ്സിലാക്കാൻ കഴിയുന്നില്ല. ഞാൻ നാല് മാസം മുമ്പ് പറഞ്ഞ കാര്യമാണ് ഇപ്പോൾ ഇലക്ഷനിൽ സംഭവിച്ചത്. ചില അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കേണ്ട സമയത്ത് പരിഹരിക്കുന്നില്ല. പത്തിൽ നിന്ന് എട്ട് പോയാൽ 18 അല്ലെന്ന് മനസിലാക്കണം. അടിസ്ഥാന ഘടകങ്ങൾ എതിരായപ്പോഴാണ് തിരിച്ചടി ഉണ്ടായത്. ബി ജെ പി വളർച്ച കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. ഒതുക്കേണ്ടവരെ ഒതുക്കുക എന്ന ചിന്താഗതി മൊത്തത്തിൽ ഒതുങ്ങി പോകേണ്ട സ്ഥിതിയിലേക്ക് നയിച്ചു,' - അദ്ദേഹം പറഞ്ഞു.

'കാലാകാലങ്ങളിൽ കോൺഗ്രസിന് വോട്ട് ചെയ്തവരെ തിരിച്ചു കൊണ്ടുവരണം. ഇപ്പോ പാർട്ടി റിവേഴ്സ് ഗിയറിലാണ് പോകുന്നത്. അതിൽ നിന്നും മുന്നോട്ട് വരണം. വാർഡിൽ എത്ര ബൂത്തുണ്ടെന്ന് പോലും അറിയാത്തവരാണ് മൽസരിക്കാൻ വരുന്നത്. എന്ത് വന്നാലും കോൺഗ്രസിന് വോട്ടു ചെയ്യുമെന്ന് വിചാരിക്കുന്ന ചിലരാണ് നെടുങ്കാട് വോട്ട് തന്ന 74 പേർ. വലിയവിളയിൽ 100 കടക്കുമെന്ന് പോലും താൻ പ്രതീക്ഷിച്ചില്ല. ലോക്‌സഭയിൽ ഇത്രയും ഭൂരിപക്ഷം എങ്ങനെ കിട്ടിയെന്ന് സ്ഥാനാർത്ഥികൾക്ക് പോലും അറിയില്ല. തോറ്റത് മെച്ചമായി. അല്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മൊത്തത്തിൽ തകർന്നേനെ. ഇപ്പോൾ പരാജയം വിശകലനം ചെയ്യാൻ അവസരം കിട്ടി.' സ്വർണവും സ്വപ്നയുമെന്നും രക്ഷിക്കില്ലെന്നും തെരഞ്ഞെടുപ്പിൽ സ്വയം ഇറങ്ങി പണിയെടുക്കാതെ രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios