തൃശൂര്‍: സിപിഎമ്മിന്‍റെ അടിയന്തിരം കണ്ടിട്ടേ പിണറായി പോകുവെന്ന് വടകരയില്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ മുരളീധരന്‍. കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരായ ജനവികാരം കേരളത്തിലുണ്ടായി. ശബരിമല വിഷയത്തിലുള്ള ജനവികാരവും സംസ്ഥാന സര്‍ക്കാരിന് എതിരായെന്ന് മുരളീധരന്‍ വ്യക്തമാക്കി.

രാജിവെക്കണോ വേണ്ടയോ എന്ന് പിണറായിയാണ് തീരുമാനിക്കേണ്ടത്. 2004 ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടാത്ത സാഹചര്യമുണ്ടായപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അതൊരു ജനാധിപത്യ മാതൃകയായിരുന്നു. പിണറായിക്ക് വേണമെങ്കില്‍ അത് പിന്തുടരാം. അദ്ദേഹത്തിന് അത്തരം മാതൃകകള്‍ ഒന്നും പരിചയം ഇല്ലാത്തത് കൊണ്ട് താന്‍ അത് പ്രതീക്ഷിക്കുന്നില്ല.

തനിക്ക് അവസാനത്തെ സി.പി.എം മുഖ്യമന്ത്രി ആവണമെന്ന് പിണറായി തീരുമാനിച്ച് കഴിഞ്ഞു. ആര് വിചാരിച്ചാലും അത് മാറ്റാന്‍ കഴിയില്ല. സി.പി.എമ്മിന് ആകെ അവശേഷിക്കുന്നത് കേരളം മാത്രമാണ്. ഇവിടെയും കൂടെ അതിന്റെ അടിയന്തിരം കഴിഞ്ഞിട്ടേ പിണറായി ഒഴിയുകയുള്ളു. 

ഈ തിരഞ്ഞെടുപ്പിലെ വികാരം ഭാവിയിലും നിലനിര്‍ത്തണമെങ്കില്‍ സംഘടനാപരമായ കെട്ടുറപ്പ് ആവശ്യമാണ്. അതിന് സമ്പൂര്‍ണമായ പുനസംഘടന ആവശ്യമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.