തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വടകര എംപി കെ മുരളീധരനും കുറ്റപ്പെടുത്തി. പേരൂർക്കട ആശുപത്രി കൊവിഡ് ആശുപത്രിയാക്കുന്നതിനെതിരെ നടന്ന സമരത്തിലായിരുന്നു ഇരുവരും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

പേരൂർക്കട ആശുപത്രി കോവിഡ്‌ കേന്ദ്രമാക്കുന്നതിന് മുൻപ് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മതിയായ സുരക്ഷാ സംവിധങ്ങൾ ഇല്ലാതെ കോവിഡ്‌ കേന്ദ്രമാക്കുന്നത് അപകടമാണ്. തിരികെ വരുന്ന പ്രവാസികൾക്ക് എംബസികളിൽ കൊവിഡ് ടെസ്റ്റിന് സൗകര്യം ഒരുക്കാൻ പല രാജ്യങ്ങൾക്കും സാധിക്കില്ല. പാവപ്പെട്ട പ്രവാസികൾക്ക് കോവിഡില്ലെന്ന് സർട്ടിഫിക്കറ്റ് വാങ്ങുന്നത് വലിയ ചെലവാണ് ഉണ്ടാക്കുക. സർക്കാർ പ്രവാസികൾ  തിരിച്ചു വരരുതെന്നാണ് ആഗ്രഹിക്കുന്നത്. പ്രവാസികൾ അവിടെ കിടന്ന് മരിച്ചോട്ടെയെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുന്നു. മറ്റു രോഗികൾക്ക് ഒരു സൗകര്യവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡ്‌ ചികിത്സ താളം തെറ്റിയെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. ക്വാറന്റീൻ സംവിധാനം ദുർബലമാവുന്നത് കൊണ്ടാണ് സംസ്ഥാനത്ത് കൂടുതൽ കൊവിഡ്‌ മരണം സംഭവിക്കുന്നത്. ആറുമണിയുടെ വാർത്താ സമ്മേളനം മുഴുവൻ തള്ളാണ്. 30,000 പേർ എത്തിയപ്പോഴേക്കും സംസ്ഥാനത്ത് കൊവിഡ് പ്രതിരോധമെല്ലാം താളം തെറ്റി. പേരൂർക്കട ആശുപത്രിയിൽ ആവശ്യത്തിന് വെന്റിലേറ്റർ സൗകര്യമില്ല. യുഡിഎഫ് നടത്തിയ വികസനത്തിന് ശേഷം പേരൂർക്കട ആശുപത്രിയിൽ ഒരു സൗകര്യവും ഉണ്ടാക്കിയിട്ടില്ല. കൊവിഡ്‌ ചികിത്സ നൽകാൻ ആവശ്യമായ ഒരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല. തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.