തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി ന്യായീകരിച്ച കോൺഗ്രസ് നേതാക്കളെ പരസ്യമായി തളളി കെ മുരളീധരൻ എംപി. മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണമെന്നും തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെയാണ് കോൺഗ്രസിന് ആവശ്യമെന്നും അതിനിനി സമയമില്ലെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.  

കെപിസിസി ഓഫീസിൽ മുറിയടച്ചിട്ട് മൂന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണുള്ളത്. വിമർശിക്കുന്നവരെ ശരിയാക്കും. ഇങ്ങനെ പോയാൽ ഇനിയും റിസൽട്ട് തന്നെ ആവർത്തിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനെതിരെയും മുരളീധരൻ വിമർശിച്ചു. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതിൽ കാര്യമില്ല. നമ്മൾ പറയുന്നത് ജനങ്ങൾ കേൾക്കുന്നുണ്ട്. കണ്ണൂർ കോർപ്പറേഷനിലെ ഇത്തവണത്തെ വിജയം ഉദാഹരണമാക്കി പ്രവർത്തിക്കണം. ജംബോ കമ്മിറ്റികൾ ആദ്യം പിരിച്ചു വിടണം.  മന്ത്രിമാരാകാനും മുഖ്യമന്ത്രിയാകാനും തയ്യാറായി നിൽക്കുന്ന നേതാക്കൾ ആത്മാർത്ഥ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

വർഷങ്ങളായി യുഡിഎഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടിൽ ചേരിതിരിവുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിൽ പോലും പ്രശ്നങ്ങളുണ്ടായി.  ഗ്രൂപ്പ് വെച്ച് സ്ഥാനാർത്ഥിയെ നിർണയിച്ചു. അർഹരായവർക്ക് സീറ്റ് നൽകിയില്ല. അതുകൊണ്ട് പലയിടത്തും വിമതരുണ്ടായി. ഇവരെ കൂട്ടി ഭരിക്കേണ്ടി വരും. അവരിൽ ആരൊക്കെ തയ്യാറാകുമെന്ന് കണ്ടറിയണം. രണ്ട് ജനപിന്തുണയുള്ള പാർട്ടിക്കാരെ പുറത്താക്കി. എൽ ജെ ഡി യുടേയും കേരള കോൺഗ്രസിന്റേയും പോക്ക് യുഡിഎഫിന് നഷ്ടമുണ്ടാക്കി. മുന്നണിയുടെ വിജയത്തെ ഇത് ബാധിച്ചു. വെൽഫയർ പാർട്ടി ബന്ധം അനാവശ്യ വിവാദമുണ്ടാക്കിയതും യുഡിഎഫിന് കെട്ടുറപ്പിന് ക്ഷീണമുണ്ടാക്കി. ലൈഫ് അഴിമതിയാണ്. എന്നാൽ പദ്ധതി തന്നെ ഉണ്ടാകില്ലെന്ന പ്രചാരണം തെറ്റായ സന്ദേശമുണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു.