കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് പ്രധാനമായും കൊവിഡ് പകരുന്നതെന്ന് കെ മുരളീധരന്‍ എംപി. ഓഗസ്റ്റ് മാസത്തോടെ രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന് തെളിവാണെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ സര്‍ക്കാര്‍ വൻ പരാജയമെന്ന് ആരോപിച്ച് നേരത്തെയും കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്ക് പറ്റിയ കൂട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് കെ മുരളീധരൻ പരിഹസിച്ചിരുന്നു.

പ്രവാസികൾക്ക് തിരിച്ചെത്താൻ പിപിഇ കിറ്റ് വേണമെന്ന നിർദേശത്തെ പരാമർശിച്ചാണ് മുരളീധരന്റെ പരിഹാസം. ഇന്ദുലേഖ അല്ലെങ്കിൽ തോഴി മതി എന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. അതിഥി തൊഴിലാളികൾക്കുള്ള മാന്യത പോലും പ്രവാസികൾക്ക് സർക്കാർ നൽകുന്നില്ലെന്നും കെ മുരളീധരൻ ആരോപിച്ചിരുന്നു.