Asianet News MalayalamAsianet News Malayalam

കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി

നാല് തവണ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായെങ്കിലും സിപിഎമ്മിലെ സ്ഥാനക്കയറ്റങ്ങളിൽ അവഗണനയുടെ നാൾവഴികളാണ് ഗൗരിയമ്മ താണ്ടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിട്ടും ഒടുവിൽ തഴഞ്ഞതോടെയാണ് നേതൃത്വവുമായി ഗൗരിയമ്മ അകലുന്നത്.

k r gauriamma and cpm
Author
Thiruvananthapuram, First Published May 11, 2021, 9:57 AM IST

തിരുവനന്തപുരം: 'കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി'- ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചിട്ട ഈ വരികളെക്കാളും തീവ്രമാണ് ഗൗരിയമ്മയിൽ മലയാളി കണ്ട ശൗര്യം. ഐക്യ കേരള പിറവി മുതൽ കേരള രാഷ്ട്രീയത്തിന്‍റെ ഓരോ ഏടുകളിലും ഗൗരിയമ്മയുണ്ട്,  ഗൗരിയുടെ പോരാട്ടവീര്യമുണ്ട്.  സിപിഎം വിട്ടിറങ്ങും വരെയും പാർട്ടിയുടെ ജനകീയ മുഖമായിരുന്നു കെ ആർ ഗൗരിയമ്മ. നാല് തവണ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായെങ്കിലും സിപിഎമ്മിലെ സ്ഥാനക്കയറ്റങ്ങളിൽ അവഗണനയുടെ നാൾവഴികളാണ് ഗൗരിയമ്മ താണ്ടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയിട്ടും ഒടുവിൽ തഴഞ്ഞതോടെയാണ് നേതൃത്വവുമായി ഗൗരിയമ്മ അകലുന്നത്.

രണ്ട് ഇഎംഎസ് മന്ത്രിസഭകളിലും രണ്ട് നായനാർ മന്ത്രിസഭകളിലും വിവിധ വകുപ്പുകൾ കൈകാര്യ ചെയ്തപ്പോഴും പാർട്ടി ഘടനയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം മാത്രമായിരുന്നു 1993 വരെയും ഗൗരിയമ്മ. സുശീല ഗോപാലനും വി എസ് അച്യുതാനന്ദനും ഇ കെ നായനാരുമെല്ലാം പാർട്ടി ശ്രേണികളിൽ വളർന്നപ്പോഴും അചഞ്ചലമായ നിലപാടുകളും ആശയ ദാർഢ്യവും പാർട്ടിയിൽ ഗൗരിയുടെ പടവുകളടച്ചു. കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യമുയർത്തിയാണ് 1987ലെ തെരഞ്ഞെടുപ്പ് ഇടതുമുന്നണി നേരിട്ടത്. ഫലം വന്ന് ഭൂരിപക്ഷം കിട്ടിയിട്ടും സിപിഎം നേതൃത്വം ഗൗരിയമ്മയെ തഴഞ്ഞു. തൃക്കരിപ്പൂരിൽ നിന്ന് മത്സരിച്ച ഇ കെ നായനാർ മുഖ്യമന്ത്രിയായി. മുൻകോപിയും, സിപിഐ വിരോധിയുമായ ഗൗരിക്ക് എൽഡിഎഫ് സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു പാർട്ടി യോഗത്തിൽ നിരത്തിയ കാരണം. അന്നുമുതൽ ഗൗരിയമ്മയും നേതൃത്വവുമായുള്ള ബന്ധം കൂടുതൽ ഉലഞ്ഞു. ഇഎംഎസും നായനാരും വിഎസുമെല്ലാം ശത്രപക്ഷത്തായി. ഗൗരി പാർട്ടിക്ക് കൂടുതൽ ധിക്കാരിയായി. പാർട്ടിവിലക്കിയ ആലപ്പുഴ വികസന സമിതിയുമായുള്ള സഹകരണത്തിൽ ഒടുവിൽ 1994ൽ സിപിഎം നടപടി. കടുത്ത നടപടിയല്ലാതിരിന്നിട്ടും ഗൗരി കടിച്ചുതൂങ്ങിയില്ല.

സിപിഎമ്മിനുള്ളിലെ വളർച്ചയിൽ ഗൗരി ശുഭാപ്തി വിശ്വാസിയായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഗൗരിയമ്മയോടെുള്ള അവഗണനയിൽ മുപ്പളമ തർക്കവും,പുരുഷാധിപത്യവും, ജാതിവേർതിരിവൊക്കെ ആരോപിക്കപ്പെട്ടത് ചരിത്രം. കെ കരുണാകരന്‍റെയും എം വി രാഘവന്‍റെയും കെണിയിൽ ഗൗരിയമ്മ വീണു എന്നായിരുന്നു സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രതിരോധം. യുഡിഎഫ് ഒപ്പം കൂട്ടിയെങ്കിലും ഗൗരിയമ്മയുണ്ടാക്കിയ പ്രതിസന്ധിയും സിപിഎം മറികടന്നു.കാലം മുറിവുകൾ ഉണക്കിയപ്പോൾ വിപ്ലവനായികയെ സിപിഎമ്മിൽ എത്തിക്കാൻ പിണറായി യുഗത്തിൽ പാർട്ടി നേതാക്കൾ മുന്നിട്ടിറങ്ങി. പാർട്ടിയിലേക്ക് തിരികെ വന്നില്ലെങ്കിലും എൽഡിഎഫിലേക്ക് ഒടുവിൽ ഗൗരിയമ്മ മടങ്ങിയെത്തി. ക്രൂരമായ പൊലീസ് മർദ്ദനമേറ്റ് പാർട്ടിയെ വളർത്തിയിട്ടും, 1957ൽ ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിട്ടും, ദാമ്പത്യം പോലും പിളർത്തിയ കമ്മ്യൂണിസ്റ്റ് വേർപിരിയലിൽ സിപിഎമ്മിനൊപ്പം അടിയുറച്ചു നിന്നിട്ടും, ആർജവമുള്ള ഭരണാധികാരിയെന്ന പേരെടുത്തിട്ടും എത്തേണ്ട സ്ഥാനത്ത് ഗൗരിയമ്മ എത്തിയോ എന്ന ചോദ്യം ഈ വിയോഗത്തിലും കേരള രാഷ്ട്രീയത്തെ അലോസരപ്പെടുത്തുന്നു.

Follow Us:
Download App:
  • android
  • ios