Asianet News MalayalamAsianet News Malayalam

K Rail : സിൽവർ ലൈൻ പദ്ധതി; ആശങ്കകൾ പരിഹരിക്കണമെന്ന് സീറോമലബാർ സഭാ സിനഡ്

സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂർണമായും നിലനിർത്തികൊണ്ടുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം മുന്നോട്ടു വയ്ക്കുന്നതെന്നും സഭാ സിനഡ് വ്യക്തമാക്കുന്നു.
 

k rail silver line  syro malabar synod  demands government to address peoples concerns
Author
Cochin, First Published Jan 11, 2022, 7:42 PM IST

കൊച്ചി: കെ റെയിൽ (K Rail)  സിൽവർ ലൈൻ (Silver Line)  പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഉണ്ടായിരിക്കുന്ന ആശങ്കകൾ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതാണെന്ന് സീറോമലബാർ സഭാ സിനഡ് (Syro Malabar Sabha). സംസ്ഥാന സർക്കാരിന്റെ വികസനപദ്ധതികളോട് സഭയ്ക്കുള്ള ആഭിമുഖ്യം പൂർണമായും നിലനിർത്തികൊണ്ടുതന്നെയാണ് ഈ വിഷയത്തിലുള്ള അഭിപ്രായം മുന്നോട്ടു വയ്ക്കുന്നതെന്നും സഭാ സിനഡ് വ്യക്തമാക്കുന്നു.

പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മാനങ്ങൾ വിദഗ്ധ പഠനത്തിന് വിധേയമാക്കണം. പദ്ധതിക്കുവേണ്ടി ഭൂമിയും കിടപ്പാടവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അങ്ങേയറ്റം അനുഭാവപൂർവ്വം കണക്കിലെടുക്കണം. പദ്ധതി പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ, സർവ്വേ - ഭൂമിയേറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും സിനഡ് അഭിപ്രായപ്പെട്ടു. വിശദമായ പദ്ധതിരേഖ പ്രസിദ്ധീകരിക്കണമെന്നും സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. 

വികസന പദ്ധതികളുടെ രൂപീകരണം, വിഭവ വിതരണം, മുൻഗണനാക്രമം നിശ്ചയിക്കൽ മുതലായവയിൽ സാധാരണക്കാരുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ഉന്നമനത്തിന് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിൽക്കണം. വികസനകാര്യത്തിലായാലും പരിസ്ഥിതി സംരക്ഷണത്തിലായാലും ജനസൗഹാർദപരമായ തീരുമാനങ്ങളാണ് ഉണ്ടാകേണ്ടത്. ഒരുവശത്ത്, കുടിയേറ്റ മേഖലകളിലെ നിർമ്മാണ നിയന്ത്രണങ്ങളും പരിസ്ഥിതി സംവേദക മേഖലകളുടെ നിശ്ചയിക്കലും ഉൾപ്പെടെയുള്ള കഠിന വ്യവസ്ഥകൾ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ മറുവശത്ത്, കേരളത്തിന്റെ ഭൂപ്രകൃതിയെ പോലും മാറ്റിമറിക്കുമെന്ന് കരുതുന്ന കെ റെയിൽ പോലുള്ള ബൃഹദ്പദ്ധതികൾ സർക്കാറുകളുടെ നയമായി മാറുന്നു. ജനങ്ങളെ കേട്ടും അഭിപ്രായങ്ങൾ പരിഗണിച്ചും മാത്രമേ വികസന-പരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി സർക്കാരുകൾ മുൻപോട്ടു പോകാവൂ എന്ന് സിനഡ് അഭ്യർത്ഥിച്ചു.


 

Follow Us:
Download App:
  • android
  • ios