കെ റെയിൽ വിരുദ്ധ സമരം രാജ്യ വിരുദ്ധ സമരമല്ല. ജനകീയ പോരാട്ടങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ഫാസിസ്റ്റ് രീതിയാണ്. ക്രിയാത്മക പ്രതിഷേധമാണ് ഐഎഫ്എഫ് കെ വേദിയിൽ നടന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: സിൽവർ ലൈൻ കെ റെയിൽ പദ്ധതിക്കെതിരെ (K Rail) അന്താരാഷ്ട്രചലച്ചിത്രവേദിയിൽ (IFFK)യൂത്ത് കോൺഗ്രസിന്റെ (Youth Congress) പ്രതിഷേധം. പ്രധാനവേദിയായ ടാഗോർ തിയേറ്ററിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ(Shafi parambil) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 'കെ റെയിൽ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യമെഴുതിയ ബാനറിൽ പ്രതിഷേധ സൂചകമായി പെയിന്റിൽ കൈ മുക്കി പതിപ്പിച്ചു. ലോകത്തെ പല പ്രതിഷേധങ്ങളും സിനിമകളിലൂടെയാണ് അടയാളപ്പെട്ടതെന്നും അതിനാലാണ് ഈ വേദി തെരഞ്ഞെടുത്തതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരം രാജ്യ വിരുദ്ധ സമരമല്ല. ജനകീയ പോരാട്ടങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ഫാസിസ്റ്റ് രീതിയാണ്. ക്രിയാത്മക പ്രതിഷേധമാണ് ഐഎഫ്എഫ് കെ വേദിയിൽ നടന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. 

സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്. സിൽവർ ലൈന് കല്ലിടലിനെതിരെ എറണാകുളം കണയന്നൂർ താലൂക് ഓഫീസിനു മുന്നിൽ പ്രതീകാത്മകമായി യൂത്ത് കോൺഗ്രസ് കല്ലിട്ടു പ്രതിഷേധിച്ചു. ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ മാർച്ച് താലൂക്ക് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഗേറ്റിന് മുന്നിൽ പ്രതീകാത്മകമായി കല്ലു സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

'പിണറായി സമരത്തെ നേരിടുന്നത് മോദിയെ പോലെ, അധിക്ഷേപങ്ങൾ അധികാര ലഹരിയിൽ' : വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണപക്ഷ നേതാക്കൾ സമരക്കാരെ അധിക്ഷേപിച്ചത് കൊണ്ടുമാത്രം സമരമില്ലാതാകില്ലെന്നും പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ജയിലിൽ പോയും സമരക്കാരെ സംരക്ഷിക്കുമെന്നും സതീശൻ വ്യക്തമാക്കി. 

കെ റെയിൽ പ്രതിഷേധക്കാരെ വിമർശനമുന്നയിച്ച ഇപി ജയരാജനെയും മന്ത്രി സജി ചെറിയാനെയും രൂക്ഷ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. പിണറായിയുടെ രാജസദസ്സിലെ വിദൂഷകൻമാരാണ് സജി ചെറിയാനും ഇപി ജയരാജനുമെന്നും സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകസമരത്തെ നേരിട്ടതു പോലെയാണ് മുഖ്യമന്ത്രി പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തെ നേരിടുന്നത്. പിണറായിയെ ഭയക്കുന്നതിനാൽ കൂടെ നിൽക്കുന്നവരാണ് പലരും. പക്ഷേ ജനങ്ങളെ അതിൽ കൂട്ടരുത്. ഞങ്ങൾക്കെതിരെ ബിജെപി ബന്ധം ആരോപിച്ചാലൊന്നും സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും സതീശൻ വ്യക്തമാക്കി.