Asianet News MalayalamAsianet News Malayalam

ഭൂമി പ്ലോട്ട് വികസനം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ, കെ-റെറ സർ‌ക്കുലർ

ഭൂമി പ്ലോട്ടാക്കി വിഭജിച്ച് വിൽക്കുന്നതു സംബന്ധിച്ച ചട്ടങ്ങളടങ്ങുന്ന പൊതു അറിയിപ്പ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം.

k rera circular on land plot development
Author
First Published Mar 28, 2024, 9:21 AM IST

ഭൂമി പ്ലോട്ട് വികസനം കെ-റെറ (കേരള റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാർ സർക്കുലർ ഇറക്കി. മാർച്ച് 16-നാണ് ഇത് സംബന്ധിച്ച സർക്കുലർ സംസ്ഥാന സർക്കാർ ഇറക്കിയത്. ഭൂമി പ്ലോട്ടാക്കി വിഭജിച്ച് വിൽക്കുന്നതു സംബന്ധിച്ച ചട്ടങ്ങളടങ്ങുന്ന പൊതു അറിയിപ്പ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്ന് സർക്കുലറിൽ പറയുന്നു. കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിടനിർമാണ ചട്ടങ്ങൾ 2019ലെ ചട്ടം 4, റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ & ഡെവലപ്‌മെന്‌റ്) ആക്ട്, 2016-ലെ വകുപ്പ് മൂന്ന് എന്നിവ പ്രകാരമുള്ള അറിയിപ്പാണ് പ്രദർശിപ്പിക്കേണ്ടത്. അതതു പഞ്ചായത്ത് കമ്മിറ്റിയിലും മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലിലും പ്രസ്തുത സർക്കുലർ അവതരിപ്പിക്കണമെന്നും സെക്രട്ടറിമാർക്ക് നിർദേശമുണ്ട്.

ചട്ടപ്രകാരമുള്ള വികസന അനുമതിപത്രമോ (ഡെവലപ്‌മെന്‌റ് പെർമിറ്റ്) ലേ ഔട്ട് അനുമതിയോ കൂടാതെ തങ്ങളുടെ അധികാരപരിധിയിൽ ഭൂമി പ്ലോട്ടാക്കി വിഭജിക്കുന്നുണ്ടെന്ന് ഏതെങ്കിലും രീതിയിൽ ഒരറിയിപ്പ് കിട്ടിയാൽ, 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 235 പ്രകാരമോ 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 408 പ്രകാരമോ, അതതു തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ സ്റ്റോപ്പ് മെമോ നൽകേണ്ടതാണ്. പ്ലോട്ട്  വികസനത്തിനുള്ള വികസന അനുമതിപത്രം നൽകുമ്പോൾ അനുമതിപത്രത്തിന്‌റെ ഒരു പകർപ്പ് അറിയിപ്പിനും മേൽനടപടിയ്ക്കുമായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയ്ക്കും അയയ്‌ക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.
 

Follow Us:
Download App:
  • android
  • ios