രാത്രി കാലങ്ങളിൽ വഴിയോരത്ത് മാംസക്കച്ചവടക്കാർ കാത്തിരിക്കുന്നത് പോലെയാണ് ആളെക്കിട്ടാൻ ബിജെപി കാത്തിരിക്കുന്നതെന്ന് സുധാകരൻ

കണ്ണൂര്‍: എപി അബ്ദുള്ളക്കുട്ടിയെ പാർട്ടിയിലെടുക്കുന്നത് പരിഗണിക്കുമെന്നറിയിച്ച ബിജെപിയെ നിശിതമായി വിമ‍ർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ. രാത്രി കാലങ്ങളിൽ വഴിയോരത്ത് മാംസക്കച്ചവടക്കാർ കാത്തിരിക്കുന്നത് പോലെയാണ് ആളെക്കിട്ടാൻ ബിജെപി കാത്തിരിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. മോദി സ്തുതിയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ എപി അബ്ദുള്ള കുട്ടിയേയും സുധാകരൻ രൂക്ഷമായി വിമ‍ർശിച്ചു.

ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. അബ്ദുള്ളക്കുട്ടിക്ക് മത്സരിക്കാൻ കണ്ണൂർ മണ്ഡലം നൽകിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. ഒന്നര വർഷത്തിന് ശേഷമുള്ള അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നെന്നും രണ്ടാം തവണ അവസരം നൽകിയത് ഹൈക്കമാൻഡിന്‍റെ നിർദ്ദേശ പ്രകാരമായിരുന്നു എന്നും കെ സുധാകരൻ വെളിപ്പെടുത്തി.

മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്നും കെ സുധാകരൻ പറഞ്ഞു. "തിരകൾ വരും പോവും. ആജീവനാന്തം സ്ഥാനങ്ങൾ കൊടുക്കാൻ പറ്റുമോ? സിപിഐഎമ്മിൽ നിന്ന് വന്നത് കൊണ്ടാണ് കോൺഗ്രസിൽ ചേർത്തത്. പക്ഷേ ഗുണമുണ്ടായില്ല" കെ സുധാകരൻ പറഞ്ഞു. സിപിഎമ്മിനെപ്പോലെ പാർട്ടി വിട്ട് പോകുന്നവരുടെ കാലും കയ്യും വെട്ടില്ലെന്നും അബ്ദുള്ളക്കുട്ടി ബിജെപിയിൽ പോയി നന്നായിവരട്ടെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.