തിരുവനന്തപുരം: സിപിഎമ്മിനെയും  ബിജെപിയെയും നേരിടാനുള്ള സംഘടന ശക്തി കോൺഗ്രസിനില്ല എന്ന് കെ സുധാകരൻ എംപി. പാർട്ടിയിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കണം. കോൺഗ്രസിൽ ജനാധിപത്യം പുനസ്ഥാപിക്കണം. ജനങ്ങളോട് ബാധ്യതയുള്ളവരാകണം നേതാക്കൾ എന്നും സുധാകരൻ പറഞ്ഞു. 

പാർട്ടി പ്രവർത്തനത്തിന് യുഡിഎഫിന് വോളൻ്റിയർമാരില്ല. കൊവിഡ് സമയത്ത്  ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ സി പി എമ്മിന് അവസരം ലഭിച്ചു. സിപിഎം സഖ്യമുണ്ടാക്കാത്ത വർഗ്ഗീയ സംഘടനകൾ കേരളത്തിലുണ്ടോ.

കെപിസിസി പ്രസിഡൻ്റ് മാറണോ വേണ്ടയോ എന്ന് ഹൈക്കമാന്റ് പറയും. താനായിരുന്നു കെപിസിസി പ്രസിഡൻ്റെങ്കിൽ ഇതാകില്ലായിരുന്നു തെരഞ്ഞെടുപ്പ് ഫലം. പ്രശ്നങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിക്കാൻ അടുത്താഴ്ച ദില്ലിയിലേക്ക്  പോകും. ഇതു പോലെയാണെങ്കിൽ കെപിസിസി വർക്കിംഗ് പ്രസിഡൻ്റായി തുടരാൻ താൽപര്യമില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും സുധാകരൻ പറഞ്ഞു.