Asianet News MalayalamAsianet News Malayalam

48 മണിക്കൂറിൽ നഷ്ടമായത് രണ്ട് ജീവൻ, കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയം സര്‍ക്കാര്‍ തിരുത്തണം: സുധാകരൻ

കേരള സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷക നയം കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സുധാകരൻ

k sudhakaran against pinarayi government on farmers suicide
Author
First Published Nov 23, 2022, 3:44 PM IST

തിരുവനന്തപുരം: കര്‍ഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ സി വിജയന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് സർക്കാർ നയം തിരുത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടത്.

സുധാകരന്‍റെ വാക്കുകൾ

ഇടതുഭരണത്തില്‍ കര്‍ഷകരുടെ ജീവിതം പൊലിഞ്ഞ് പോകുന്നു. കാര്‍ഷിക രംഗം അപകടരമായ നിലയിലാണ്. കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കേരള സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷക നയം കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കൃഷി ചെയ്യാനാവശ്യമായ പ്രാഥമിക സൗകര്യം ഒരുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. കൊയ്ത്തു കഴിഞ്ഞ നെല്ല് സംഭരിക്കാതെ നിരവധി കര്‍ഷകരുടെ അധ്വാനമാണ് പാഴായിപോയത്. സ്വകാര്യ ബാങ്കുകളില്‍ നിന്നു പോലും ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്ത കര്‍ഷകന് അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ നിരാശബാധിച്ച് ആത്മഹത്യ ചെയ്യുകയാണ്. ഇത് ഗുരുതരമായ സ്ഥിതിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിസംഗതയും കഴിവുകേടുമാണ് ഓരോ കര്‍ഷകനെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ രണ്ടു കര്‍ഷകരാണ് കോഴിക്കോടും പാലക്കാടുമായി ആത്മഹത്യ ചെയ്തത്. ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണവുമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ കര്‍ഷകരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അവഗണ അവസാനിപ്പിക്കണം. റബ്ബറിന്റെ സംഭരണ വില 250 രൂപയാക്കുമെന്നത് വെറും പാഴ്വാക്കായി. ഇത് റബര്‍ കര്‍ഷകരോടുള്ള കടുത്ത വഞ്ചനയാണ്. കേരളത്തില്‍ റബ്ബറിന്റെ വില ഇടിയുമ്പോള്‍ 55000 മെട്രിക്ക് ടണ്‍ റബ്ബര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് സര്‍ക്കാര്‍. റബ്ബര്‍ ഇറക്കുമതി നിര്‍ത്തിവെച്ച് കേരളത്തിലെ കര്‍ഷകരെ സഹായിക്കുന്ന നടപടി സ്വീകരിക്കണം. കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിക്കണം. കര്‍ഷക പെന്‍ഷന്‍ 5000 രൂപ ആക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. നെല്ലിന്റെ സംഭരണ വില 35 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിലവില്‍ ഇത് 28 രൂപയാണ്. എന്നാല്‍ അരിവില വാണം പോലെ കുതിക്കുകയാണ്.  നാളികേര കര്‍ഷകരുടെ ദുരിതം ഇരട്ടിയിലേറെയായി. കഴിഞ്ഞ എട്ടുമാസമായി വിള ഇന്‍ഷുറന്‍സ് സഹായം കര്‍ഷകന് കിട്ടുന്നില്ല. ആറു കോടിയോളം രൂപ 42000 കര്‍ഷക കുടുംബങ്ങള്‍ക്ക് കിട്ടാനുണ്ട്. അത് അടിയന്തരമായി നല്‍കണം. പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും കൃഷിനാശം വന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ ഗുരുതരമായ അലംഭാവം കാട്ടുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഒരു സഹായവും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

രണ്ടാം കുട്ടനാട് പാക്കേജ് വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. പ്രളയാനന്തരം പുഴകളിലും കായലുകളിലും അടിഞ്ഞ് കൂടിയ ചെളിനീക്കം ചെയ്യുന്ന പ്രവര്‍ത്തിയും എങ്ങുമെത്തിയില്ല. കര്‍ഷകര്‍ക്ക് ജീവിക്കാന്‍ അനുകൂലമായ സാഹചര്യം ഒരുക്കാത്ത നികൃഷ്ടമായ സര്‍ക്കാരാണിത്. കര്‍ഷകരോട് ഇത്രയും നിന്ദ്യമായ രീതിയില്‍ പെരുമാറിയ ഇടതു സര്‍ക്കാര്‍  ഇന്നുവരെ കേരളത്തിലുണ്ടായിട്ടില്ല. കര്‍ഷകരെ പട്ടിണിക്കിടുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ കേരളം കാണുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

സമസ്ത രംഗത്തും പരാജയപ്പെട്ട സര്‍ക്കാരാണിത്. ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു. ജനങ്ങള്‍ക്ക് സൈ്വര്യമായി ജീവിക്കാന്‍ കഴിയുന്നില്ല. പോലീസും ഗുണ്ടകളും തേര്‍വാഴ്ച നടത്തുകയാണ്. ലഹരിമാഫിയ കേരളത്തില്‍ പിടിമുറുക്കി. അതിന് കാരണം പോലീസ് സേനയിലെ ചിലരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടും അന്തര്‍ധാരയുമാണ്. നീതിന്യായ പരിപാലനം പോലും നടത്താന്‍ കഴിയാത്ത കഴിവുകെട്ട സര്‍ക്കാരാണ് കേരളത്തിലേത്. തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുണ്ടാക്കി സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള സമരമുഖത്ത് കര്‍ഷകരെയും തൊഴിലാളികളെയും യുവജനങ്ങളെയും അണിനിരത്തിയുള്ള പോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി ഭാരവാഹികളായ കൊടിക്കുന്നില്‍ സുരേഷ് എംപി, എന്‍. ശക്തന്‍, ടി.യു.രാധാകൃഷ്ണന്‍, ജിഎസ് ബാബു, വി.പ്രതാപചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാര്‍, ശരത്ചന്ദ്ര പ്രസാദ്, കെ. മോഹന്‍കുമാര്‍, കൊല്ലം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികളായ എ.സി.സാബൂസ്, വി.എന്‍. ഉദയകുമാര്‍, ബാബുജി ഈശോ, ജോര്‍ജ് കൊട്ടാരം, കൊട്ടുകാല്‍ ഗോപി, ജോജി ചെറിയാന്‍, അടയമണ്‍ മുരളി, ആന്റണി കുഴിക്കാട്ടില്‍, മാത്യൂ ചെറുപറമ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു ഉദ്ഘാടനം ചെയ്തു.

ഒറ്റത്തവണയായി 4.8 ലക്ഷം നൽകണമെന്ന് ബാങ്ക്: വേലായുധനന്‍റെ ആത്മഹത്യ ജപ്തി ഭീഷണിയെ തുടര്‍ന്നെന്ന് വീട്ടുകാര്‍

Follow Us:
Download App:
  • android
  • ios