കണ്ണൂര്‍:വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എഎൻ ഷംസീര്‍ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ പൊലീസിനെതിരെ പ്രകോപനപരമായി പ്രസംഗിച്ച് കണ്ണൂര്‍ എംപി കെ സുധാകരൻ. വധശ്രമ കേസിൽ നടപടി വൈകിയാൽ നിയമം കയ്യിലെടുക്കാൻ കോൺഗ്രസ് മടിക്കില്ലെന്നാണ് കെ സുധാകരന്‍റെ മുന്നറിയിപ്പ്. 

"

കേസിൽ എഎൻ ഷംസീറിന് പങ്കുണ്ടെന്ന് സിഒടി നസീര്‍ മൊഴി നൽകിയിട്ടും പൊലീസ് എംഎൽഎയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഈ സമരം അവസാനത്തേതാണെന്ന് സിപിഎമ്മും പൊലീസും കരുതേണ്ടെന്നാണ് കെ സുധാകരൻ പറയുന്നത്. കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിന് ഏതറ്റം വരെയും പോകാൻ കോൺഗ്രസ് തയ്യാറാണ്. പൊലീസ് സിപിഎമ്മിന്‍റെ ഏറാൻമൂളികളാകുന്ന സാഹചര്യം കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകുന്നു.