Asianet News MalayalamAsianet News Malayalam

'കണ്ണൂര്‍ വിസിയുടെ അവിഹിത നിയമനത്തിന് ചുക്കാന്‍പിടിച്ച മുഖ്യമന്ത്രി സ്ഥാനമൊഴിയണം, കെ.ബിന്ദുവും രാജിവയ്ക്കണം'

 ഡിവൈഎഫ്ഐ നേതാക്കള്‍ക്കും  കുടുംബങ്ങള്‍ക്കുമായി സര്‍വകലാശാലാ നിയമനങ്ങള്‍ രാഷ്ട്രീയവത്കരിച്ചതിനു കിട്ടിയ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നും കെ.സുധാകരന്‍

k sudhakaran demand resignation of CM and minister KBindu
Author
First Published Nov 30, 2023, 3:10 PM IST

തിരുവനന്തപുരം:കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നഗ്‌നമായ നിയമലംഘനവും വ്യക്തമായ കൈകടത്തലും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു നിമിഷംപോലും വൈകാതെ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. അവിഹിത നിയമനത്തിന് ചുക്കാന്‍പിടിച്ച മുഖ്യമന്ത്രിക്ക് സ്ഥാനത്തു തുടരാന്‍ ധാര്‍മികാവകാശം ഇല്ല. മുഖ്യമന്ത്രിയുടെ ആവശ്യത്തിനു കീഴടങ്ങിയ  ഗവര്‍ണറും ഗുരുതരമായ വീഴ്ച വരുത്തി.

 ഡിവൈഎഫ്ഐ നേതാക്കള്‍ക്കും  കുടുംബങ്ങള്‍ക്കുമായി സര്‍വകലാശാലാ നിയമനങ്ങള്‍ രാഷ്ട്രീയവത്കരിച്ചതിനു കിട്ടിയ കനത്ത തിരിച്ചടിയാണിത്. തന്റെ  പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അവിഹിതമായ നിയമനം നല്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി തറക്കളി കളിച്ചത്. പ്രോവൈസ് ചാന്‍സലര്‍ എന്ന നിലയ്ക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ഇതിനെല്ലാം കൂട്ടുനിന്നു. നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നല്കിയ കണ്ണൂര്‍ വിസിയെ പുനര്‍നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഗവര്‍ണര്‍ക്കു കത്തെഴുതുക വരെ ചെയ്തു. അഡ്വക്കേറ്റ് ജനറലിന്‍റെ  ഉപദേശമാണെന്ന് ഒപ്പില്ലാത്ത പേപ്പര്‍ കാട്ടി ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചു.

കണ്ണൂര്‍ വിസിയുടെ നിയമനത്തിനെതിരേ ലോകായുക്തയിലും ഹൈക്കോടതിയിലും നല്കിയ ഹര്‍ജികളില്‍ സര്‍ക്കാര്‍ അനുകൂല വിധിയുണ്ടായത് യാദൃശ്ചികമല്ല. ഈ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജിയെ പിണറായി സര്‍ക്കാര്‍  മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച് പ്രത്യുപകാരം ചെയ്തു. സര്‍വകലാശാലകളില്‍ മഞ്ഞുമല പോലെ നടക്കുന്ന അനധികൃത ഇടപാടുകളുടെ  ഒരറ്റമാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയതിന്  ഇനിയും തുടര്‍ച്ചയായ തിരിച്ചടികളാണ് പിണറായി സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios