Asianet News MalayalamAsianet News Malayalam

വനം കൊള്ള ഉയർത്തി സർക്കാരിന് എതിരെ സുധാകരൻ,  മുഖ്യമന്ത്രിയുടെ ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞെന്നും പ്രതികരണം

കോടികളുടെ കള്ളക്കടത്തിൽ നിന്ന് ഫോറസ്ററ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത് തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുധാകരൻ ആരോപിച്ചു.

k sudhakaran facebook post about tree felling case
Author
Thiruvananthapuram, First Published Jun 20, 2021, 10:18 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: വനം കൊള്ള ഉയർത്തി സർക്കാരിന് എതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വനം കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞുവെന്ന് ഫേസ്ബുക്ക് പോസ്റ്റ്. കോടികളുടെ കള്ളക്കടത്തിൽ നിന്ന് ഫോറസ്റ്റ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത് തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

കർഷകർക്കും ആദിവാസികൾക്കും എന്ന വ്യാജേനെ വിവാദ ഉത്തരവിറക്കിയവർക്കെതിരെ ആദിവാസി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ സർക്കാർ ഇനിയും മടിച്ച് നില്കുന്നത് എന്ത് കൊണ്ടാണ്?. കേസിലെ അവസാനത്തെ കുറ്റക്കാരനും ശിക്ഷിക്കപ്പെടും വരെ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ സമരമാർഗങ്ങളുമായി യുഡിഎഫ് മുന്നിലുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.

ബ്രണ്ണൻ കോളേജ് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായിയുമായുള്ള പോർ വിളിയിൽ മരം കൊള്ള മുങ്ങി പോകുമോ എന്ന് ചില കോൺഗ്രസ്‌ നേതാക്കൾ സംശയിക്കുമ്പോൾ ആണ് സുധാകരൻ പ്രശ്നം ഉന്നയിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

വാണിയംപാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റിലായ സംഭവം നമ്മൾ മറന്നിട്ടില്ല. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ മലമ്പാമ്പിന്റെ ദേഹത്തു കയറി, പിന്നാലെ ചാവുകയായിരുന്നു. അന്ന് വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ, ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപെടുന്നൊരു യുവാവിന് സംഭവിച്ച കൈപിഴക്ക് കാരുണ്യത്തിന്റെ ഇളവ് പോലും കൊടുക്കാതെ ജയിലടച്ചവർ ഇന്നെവിടെയാണ്?

കോടികളുടെ വനം കൊള്ളയാണ് സർക്കാർ ഒത്താശയോടെ കേരളത്തിൽ നടന്നത്. വനം കൊള്ളക്ക് കൂട്ടുനിന്ന റെവന്യൂ ഫോറസ്ററ് ഉദ്യോഗസ്ഥർക്കെതിരെയും അതിന് വഴിയൊരുക്കിയ മന്ത്രിമാർക്കെതിരെയും ചെറുവിരൽ അനക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ? അനേകായിരം കോടികളുടെ കള്ളക്കടത്തിൽ നിന്ന് ഫോറസ്ററ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത് തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകർക്കും ആദിവാസികൾക്കും എന്ന വ്യാജേനെ വിവാദ ഉത്തരവിറക്കിയവർക്കെതിരെ ആദിവാസി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ സർക്കാർ ഇനിയും മടിച്ച് നില്കുന്നത് എന്ത് കൊണ്ടാണ്? 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാവപെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതം തകർക്കാൻ ആവേശം കാട്ടിയവർ 200 വർഷം പഴക്കമുള്ള നമ്മുടെ വനസമ്പത്ത് അനധകൃതമായി മുറിച്ച് മാറ്റി വില്പന നടത്തിയപ്പോൾ കാഴ്ചക്കാരായി നിൽക്കുകയാണ്.

പ്രതിപക്ഷത്തിരിക്കുമ്പോഴടക്കം ഇടതുപക്ഷത്തിനകത്തെ നയവ്യതിയാനങ്ങളെയും CPM സ്വീകരിച്ചുപോന്നിരുന്ന പല നിലപാടുകളെയും തിരുത്താൻ ശ്രമിച്ചിട്ടുള്ളവരാണ് CPI. ശ്രമങ്ങളൊക്കെയും വിഫലമാകുമ്പോളും തിരുത്തൽവാദ പ്രസ്ഥാനം തളരാതെ തങ്ങളുടെ നിലപാടുകളുമായി മുന്നേറിയിരുന്നതുമാണ്. വല്യേട്ടൻ കണ്ണുമിഴിക്കുമ്പോൾ ചോർന്നുപോകുന്നതായിരുന്നെങ്കിലും പല വിഷയങ്ങളിലും ന്യായമായ നിലപാട് പറയാൻ അന്ന് സിപിഐക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ അഴിമതിയാണ് ആധുനികകാലത്തെ ഇടതുപക്ഷത്തിന്റെ അടിസ്ഥാനശിലയെന്ന് സിപിഐക്ക് വന്ന തിരിച്ചറിവിൽ നിന്നാണ് ഇപ്പോൾ അഴിമതിയല്ല, കൊള്ള തന്നെ നടത്താൻ അവർ തീരുമാനിക്കുന്നതെന്നാണ് നാം മനസിലാക്കേണ്ടത്.

എൽഡിഎഫ്ൽ നിന്ന് സിപിഎംനെ തിരുത്തി യഥാർത്ഥ ഇടതുപക്ഷമാകാൻ പദ്ധതിയിട്ടിരുന്നവർ ഇന്ന് എൽഡിഎഫ്ൽ നിന്ന് സിപിഎംനൊപ്പം മത്സരിച്ച് അഴിമതി നടത്തുന്നവരായി പരിണമിച്ചിരിക്കുന്നു. ഇത് ഒരുപക്ഷേ ശരിക്കുള്ള ഇടതുപക്ഷ നവോഥാനമായി കാലം അടയാളപ്പെടുത്തിയേക്കാം. കമ്മ്യൂണിസ്റ്റ് തിരുത്തൽവാദികളെ ആര് തിരുത്തും എന്നതാണ് ഇനി അറിയേണ്ടത്. ഏതായാലും വനം കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അവസാനത്തെ കുറ്റക്കാരനും ശിക്ഷിക്കപ്പെടും വരെ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ സമരമാർഗങ്ങളുമായി യുഡിഎഫ് മുന്നിലുണ്ടാവും.

Follow Us:
Download App:
  • android
  • ios