കണ്ണൂർ: കണ്ണൂരിലെ ആന്തൂർ ന​ഗരസഭയിൽ പോളിം​ഗ് ശതമാനം ഉയരാൻ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരൻ എംപി. പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജൻ്റ്മാരെ ഇരിക്കാൻ പോലും സി പി എമ്മുകാർ സമ്മതിക്കുന്നില്ല. കണ്ണൂർ കോർപറേഷനിൽ 35 സീറ്റുകൾ നേടും. കണ്ണൂരിൽ യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നാംഘട്ടത്തിൽ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്  ആന്തൂരിൽ ആണ്. ഇടത്പക്ഷത്തിന്റെ ശക്തികേന്ദ്രമാണ് ഇവിടം. രാവിലെ മുതൽ തന്നെ വലിയ ആൾത്തിരക്കാണ് നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോൾ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു. വലിയ ക്യൂ ആണ് ബൂത്തുകൾക്ക് മുന്നിൽ ഇപ്പോഴും ഉള്ളത്. 

ഇടത് ശക്തികേന്ദ്രമായ ആന്തൂരിൽ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിംഗ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകൾക്ക് ഉണ്ട്.   22 ഡിവിഷനിലാണ് വോട്ടിംഗ് നടക്കുന്നത്. ആകെ ഡിവിഷനിൽ ആറിടത്ത് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. നഗരസഭയിലെ 28 ഡിവിഷനിൽ അയ്യങ്കോൽ ഡിവിഷനിൽ മാത്രമാണ് രാഷ്ട്രീയ മത്സരം നടക്കുന്നത്. ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് ഉണ്ട്. 15 സീറ്റിൽ ബിജെപി മത്സരിക്കുന്നുണ്ട്.