കണ്ണൂര്‍: വോട്ടെണ്ണല്‍ 50 ശതമാനം പൂര്‍ത്തിയാകുമ്പോള്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ കെ സുധാകരന്‍ 41000 വോട്ടുകള്‍ക്ക് മുകളില്‍ ലീഡ് ചെയ്യുകയാണ്. ഈ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും 50,000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കുമെന്ന് തന്നെ നേരത്തേ വിശ്വസിച്ചിരുന്നുവെന്ന് കെ സുധാകരന്‍  പ്രതികരിച്ചു. 

''കണ്ണൂരിന്‍റെ ഗ്രൗണ്ട് റിയാലിറ്റി നമുക്കറിയാം. ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് പറയുമ്പോഴും ഞങ്ങള്‍ തന്നെ ജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. നമുക്ക് അത്രയും ആത്മവിശ്വാസമുണ്ട്. അമ്പതിന് മേലെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. 25,000 എന്ന് നേരത്തെ പറഞ്ഞതാണ്. പത്ത് ഇലക്ഷനില്‍ മത്സരിച്ചതാണ് ഞാന്‍, ഇത് പതിനൊന്നാമത്തെ ഇലക്ഷനാണ്. ഇത് യാതൊരു നെഗറ്റീവ് ചിന്തയും തോന്നാത്ത ഇലക്ഷനാണ്.

കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ കാണിച്ച സ്നേഹം എനിക്ക് തന്ന ആത്മവിശ്വാസമാണത്. പ്രചരണത്തിന് പോകുമ്പോള്‍ ചോദിക്കാറുണ്ട്, ഇവിടെ ഇടതുപക്ഷത്തിനെ ഇഷ്ടമുള്ളവര്‍ ആരുമില്ലേ എന്ന്. കാരണം, അത്രയധികം ആളുകള്‍ നമ്മോട് സ്നേഹം കാണിച്ചിട്ടുണ്ട്..'' എന്നും സുധാകരന്‍ പ്രതികരിച്ചു.