കാസർകോട്: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കെ സുരേന്ദ്രന്‍റെ അപരസ്ഥാനാർത്ഥി സുന്ദര പൊലീസിന് മൊഴി നൽകി. ബിജെപി നേതാക്കൾ കൈക്കൂലി നൽകി സ്ഥാനാർത്ഥിയുടെ പത്രിക പിൻവലിപ്പിച്ചെന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാതിയോട് ചേർന്ന് നിൽക്കുന്നതാണ് സുന്ദരയുടെ മൊഴി. അതേസമയം, സുന്ദരക്ക് സുരക്ഷ നൽകാൻ പൊലീസ് തീരുമാനിച്ചു.

സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി വി രമേശനാണ് കാസർകോട് എസ്പിക്ക് പരാതി നൽകിയത്. പരാതി ബദിയഡുക്ക പൊലീസിന് കൈമാറി. പ്രാഥമിക അന്വേഷണം ആരംഭിച്ച പൊലീസ് വി വി രമേശൻ്റെയും കെ സുന്ദരയുടെയും മൊഴിയെടുത്തു. പണവുമായെത്തിയ സംഘത്തിൽ സുനിൽ നായ്ക്, സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവരുണ്ടായിരുന്നെന്ന് സുന്ദരയുടെ മൊഴിയില്‍ പറയുന്നു. കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്ത ആളാണ് സുനിൽ നായ്ക്. 

Also Read: കെ സുന്ദരയുടെ വീട് കൊടകര കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്‌ക് സന്ദർശിച്ചത് മാർച്ചിൽ

ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തൽ. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നാണ് സുന്ദര പറഞ്ഞത്. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona