കണ്ണൂര്‍: ഫേസ്ബുക്ക് ലൈവിലൂടെ വിദ്വേഷപ്രസംഗം നടത്തിയതിന് അടപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണച്ചു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. 

കേരളത്തിലെ ആയിരക്കണക്കിന് ഇടതുപക്ഷ - ജിഹാദി - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയ വിഷം ചീറ്റിയിട്ടും ഇതിനെതിരെയ നടപടിയെടുക്കാത്ത കേരള പൊലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും കഴിഞ്ഞ 48 മണിക്കൂറായി അറസ്റ്റിനെ ആഘോഷിക്കുകയുമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു ഏകപക്ഷീയമായ ഈ നടപടി അനുവദിച്ചു തരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ സുരേന്ദ്രന്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണചടങ്ങില്‍ സംസാരിക്കുമ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.

സുരേന്ദ്രന്‍റെ വാക്കുകള്‍...

വസ്‍തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ദില്ലി കലാപത്തെക്കുറിച്ച് കേരളത്തില്‍ പ്രചരിപ്പിക്കുന്നത്. അവിടെ നടന്നതിന്‍റെ നേര്‍വിപരീതമായ കാര്യങ്ങള്‍ ഇവിടെ ആസൂത്രതിമായി പറഞ്ഞു പരത്തുന്നു.  ആരുടെ കടകളാണ് കൂടുതല്‍ തകര്‍ക്കപ്പെട്ടത്, ആരാണ് കൂടുതല്‍ കൊല്ലപ്പെട്ടത് എന്നൊക്കെ പരിശോധിച്ചാല്‍ ദില്ലി കലാപത്തില്‍ എന്താണ് നടന്നതെന്ന് മനസിലാവും. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തില്‍ ആയിരക്കണക്കിന് ജിഹാദികളും ഇടതുപക്ഷ-കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും പൊലീസ് എടുത്തിട്ടില്ല. 

എന്നാലിപ്പോള്‍ അട്ടപ്പാടിയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ദില്ലി കലാപത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് കേരള പൊലീസ് ചെയ്തത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ഏകപക്ഷീയമായ നടപടിയാണ്.  കഴിഞ്ഞ 48 മണിക്കൂറായി ശ്രീജിത്തിന്‍റെ അറസ്റ്റ് ആഘോഷിക്കുകയാണ് കേരള പൊലീസ്. ഇതൊന്നും അനുവദിച്ചു തരാനാവില്ല. 

പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്ന മുതിര്‍ന്ന നേതാവ് പിപി മുകുന്ദനാണ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയും പരിപാടിക്ക് എത്തിയിരുന്നു. ഹിന്ദു എന്നത് ഒരു സംസ്കാരത്തിന്‍റേയും നാടിന്‍റേയും പേരാണെന്നും അബദുള്ളക്കുട്ടിയും അദ്ദേഹത്തിന്‍റെ പൂർവികരും ഹിന്ദുക്കളാണെന്നും പിപി മുകുന്ദന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.