Asianet News MalayalamAsianet News Malayalam

'അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാന്‍ ശ്രമം'; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണെന്നും കേരളത്തിൽ ഇത് നടക്കില്ലെന്നും കെ സുരേന്ദ്രൻ. പിണറായി വിജയൻ്റെ ഗുണ്ടായിസം നേരിടാൻ സമൂഹത്തിനറിയാമെന്നും സുരേന്ദ്രൻ.

k surendran against Pinarayi Vijayan
Author
Thiruvananthapuram, First Published Mar 6, 2021, 2:07 PM IST

തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ മുഖ്യമന്ത്രിക്ക് ഭയപ്പെടാനുണ്ട്. അത് കൊണ്ടാണ് ഇത്തരം നീക്കങ്ങളെന്ന് സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ്റെ ഗുണ്ടായിസം നേരിടാൻ സമൂഹത്തിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതി കേസുകളിൽ മുഖ്യമന്ത്രിയുടെ നിലപാട് രാജ്യത്ത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. എതിർക്കാൻ നിയമപരമായ മാർഗങ്ങളുണ്ട്. അല്ലാതെ അന്വേഷണ ഏജൻസികളുടെ ഓഫീസിലേക്ക് മാർച്ച് നടത്തിക്കുകയല്ല ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയും സർക്കാരും അന്വേഷണത്തെ ഭയക്കുകയാണ്. സഹകരിച്ച് അന്വേഷണം നടത്താമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടിരുന്നത്. ആ കത്തിൻ്റെ അടിസ്ഥാനത്തിൽ വന്ന ഏജൻസികളെയാണ് ഇപ്പോൾ ഭീഷണിപ്പെടുത്തുന്നത്. അഴിമതി കേസിൽ അന്വേഷണ ഏജൻസികളെ നേരിടാൻ സർക്കാർ സംവിധാനങ്ങളെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഡോളർ കേസ് പുതിയ കേസല്ല. സ്വർണകടത്ത് കേസിന്‍റെ തുടർച്ചയായാണ് ഇത്. നിയമവിധേയമായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. പാർട്ടിക്കാരെ ഇറക്കി ഭീഷണിപ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ തിരിച്ച് ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യ വിരുദ്ധ നിലപാടിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയർന്ന് വന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഇതിന് മറുപടി പറയണമെന്നും അന്വേഷണ ഏജൻസികളെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണെന്നും കേരളത്തിൽ ഇത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios