Asianet News MalayalamAsianet News Malayalam

പാവങ്ങൾ ഓണം ഉണ്ണുന്നത് പോലും മുടക്കി, പിണറായി സർക്കാർ ഓണത്തെയും ശരിയാക്കി: കെ.സുരേന്ദ്രൻ

ആറുലക്ഷം പേർക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്ക് മാറ്റിവെച്ച് ഭൂരിപക്ഷം പേർക്കും നിഷേധിച്ചത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ മുഖം തുറന്ന് കാണിക്കുന്നുവെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

k surendran allegation against pinarayi vijayan  government on onam kit distribution vkv
Author
First Published Aug 29, 2023, 12:22 AM IST

തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ പിണറായി സർക്കാർ അവതാളത്തിലാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ശരിയാക്കുമെന്ന് പറ‍ഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്കിയിരിക്കുകയാണ്. അതിദരിദ്രർക്ക് മാത്രം കൊടുക്കുന്ന കിറ്റ് വിതരണം പോലും കൃത്യമായി നൽകാതെ പാവങ്ങൾ ഓണം ഉണ്ണുന്നത് പോലും മുടക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.  

ആറുലക്ഷം പേർക്ക് മാത്രം വിതരണം ചെയ്യുന്ന കിറ്റ് ഉത്രാടദിനത്തിലേക്ക് മാറ്റിവെച്ച് ഭൂരിപക്ഷം പേർക്കും നിഷേധിച്ചത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ മുഖം തുറന്ന് കാണിക്കുന്നു. വിപണിയിൽ ഇടപെടാതെ സർക്കാർ മാറിനിന്നതോടെ അവശ്യസാധനങ്ങൾ വാങ്ങാൻ സാധിക്കാതെ ജനങ്ങൾ വീട്ടിലിരിക്കുന്ന അവസ്ഥയായി. പൊതുവിതരണ സംവിധാനങ്ങളൊക്കെ പൂർണമായും തകർന്നു കഴിഞ്ഞു. സപ്ലൈകോയിൽ സാധനങ്ങൾ ഒന്നും കിട്ടാനില്ല. പച്ചക്കറിക്ക് സ്വർണത്തേക്കാൾ വിലയായിരിക്കുകയാണ്. വമ്പിച്ച വിലക്കയറ്റം മാർക്കറ്റുകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ആളൊഴിഞ്ഞ അവസ്ഥയുണ്ടാക്കി.

കച്ചവടക്കാരെയും കർഷകരെയും സർക്കാർ പിന്നിൽ നിന്നും കുത്തുകയായിരുന്നു. മാസാവസാനം ഓണം വരുകയാണെങ്കിൽ ശമ്പളവും പെൻഷനും നൽകി പോരുന്ന പതിവും ഇത്തവണ സർക്കാർ തെറ്റിച്ചു. സർക്കാർ ജീവനക്കാരെയും ഓണം ആഘോഷിക്കുന്നതിൽ നിന്നും തടയാൻ സർക്കാരിന് സാധിച്ചു. മലയാളികൾ ഓണം ആഘോഷിക്കേണ്ടെന്നാണ് ഈ സർക്കാരിന്റെ നിലപാട്. നാടിന്റെ സാംസ്കാരിക പൈതൃകങ്ങളോട് ഈ സർക്കാരിനുള്ള വിരോധം ഓണത്തോടും അവർ പ്രകടിപ്പിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Read More : മയക്കുമരുന്ന്, മോഷണം, 15 ഓളം കേസുകൾ, ജാമ്യത്തിലിറങ്ങിയിട്ടും പ്രശ്നക്കാരൻ; അജ്നാസിനെ കാപ്പചുമത്തി ജയിലിലടച്ചു

അതേസമയം ജനപ്രതിനിധികള്‍ക്കുള്ള സപ്ലൈകോയുടെ ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കാത്ത കിറ്റ് വേണ്ടെന്നാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം സപ്ലൈകോയെ അറിയിക്കും. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കുമെന്ന് സപ്ലൈകോ നേരത്തെ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios