കോഴിക്കോട്: പ്രവാസികൾ മടങ്ങി വരാതിരിക്കാൻ കേരള സർക്കാർ നൂലാമാലയുണ്ടാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മടങ്ങി വരുന്ന എല്ലാവർക്കും കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയത് പ്രായോ​ഗികമായ നടപടിയല്ല. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണ്. ഇത്രയധികം കള്ളംപറയുന്ന മറ്റൊരു നേതാവ് കേരളത്തിലില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

അസുഖമുള്ളവരെ പ്രത്യേകവിമാനത്തിലാണ് കൊണ്ടുവരേണ്ടതെന്നാണ് പിണറായി പറയുന്നത്. കൊവിഡ് പൊസിറ്റീവായാൽ രാജ്യത്ത് നിന്ന് വിടാൻ സമ്മതിക്കുമോ? ഇത് പിണറായിക്ക് അറിയാത്തതാണോ? ആരും വരാതിരിക്കാനുള്ള തന്ത്രമാണ് പിണറായിയുടേത്. ഒരാൾ കൊവിഡ് പോസിറ്റീവായാൽ അയാളെ എവിടെയും കയറ്റില്ല എന്ന് എല്ലാവർക്കുമറിയാം. 

എല്ലാവരെയും തിരിച്ചുകൊണ്ടുവരണം. പ്രവാസികളെ എത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്.  പ്രവാസികളോട് പിണറായി എന്തിനാണീ ക്രൂരത കാണിക്കുന്നത്? എത്ര മലയാളികൾ അവിടെ കിടന്ന് മരിക്കുന്നു. എല്ലാ പ്രവാസികളെയും തിരിച്ച് കൊണ്ടുവരണം എന്നാണല്ലോ നേരത്തെയുള്ള നിലപാട്. കേരളത്തിലെ അവസ്ഥ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലല്ല. ഇവിടെ ആവശ്യത്തിന്  ക്വാറൻ്റൈൻ സൗകര്യമില്ല. കേരള സർക്കാർ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്തില്ല

നോർക്ക പരൽ മീനല്ല, വമ്പൻ സ്രാവാണ്. ലോക കേരള സഭ കൊവിഡ് കാലത്ത് പ്രവാസികൾക്ക് വേണ്ടി എന്ത് ചെയ്തു..? നോർക്ക എന്ത് ചെയ്തെന്ന് വിശദീകരിക്കണം. ജലീലിനെ പോലെ വൃത്തികെട്ട മന്ത്രിമാർ മോദിക്കെതിരെ ദുഷ്പ്രചാരണം നടത്തി. പിണറായി മനുഷ്വത്വ വിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ പഴയ സമരരീതിയിലേക്ക് ബിജെപി തിരിച്ചുപോകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read Also: അഭിമന്യു കൊലക്കേസ്; മുഖ്യ പ്രതി കോടതിയിൽ കീഴടങ്ങി...