'കേരളം അഗ്നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നത്'; കരുതലും ജാഗ്രതയും കാണിക്കണമെന്ന് കെ സുരേന്ദ്രൻ
പോപ്പുലർ ഫ്രണ്ട് നിരോധിച്ച ഒഴിവ് കേരളത്തിലുണ്ട്. ആ ഒഴിവിലേക്ക് മതതീവ്രവാദികളെ കൊണ്ടുവരാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കളമശ്ശേരിയിലെ സ്ഫോടനത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളം അഗ്നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നതെന്നും കുറേക്കൂടി കരുതലും ജാഗ്രതയും കാണിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധിച്ച ഒഴിവ് കേരളത്തിലുണ്ട്. ആ ഒഴിവിലേക്ക് മതതീവ്രവാദികളെ കൊണ്ടുവരാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
അതേസമയം, കളമശ്ശേരിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.