വേട്ടക്കാരനും ഇരയും ഒന്നിച്ചിരിക്കുന്ന സിനിമാ കോൺക്ലേവ് നടത്താൻ ബിജെപി അനുവദിക്കില്ല: കെ സുരേന്ദ്രൻ
പേരുകൾ വായിച്ച് മനസിലാക്കിയതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിയും സജി ചെറിയാനും ചേർന്ന് നാലര വർഷം പൂഴ്ത്തിയതെന്ന് കെ സുരേന്ദ്രൻ
കൊല്ലം: വേട്ടക്കാരനും ഇരയും ഒന്നിച്ചിരിക്കുന്ന കോൺക്ലേവ് നടത്താൻ ബിജെപി അനുവദിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി പട്ടികജാതി മോർച്ച കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകേഷിനെതിരെ പത്തിരട്ടി പരാതികൾ അണിയറയിൽ കാത്തിരിപ്പുണ്ടെന്നും സ്വന്തക്കാരുടെ കാര്യം വരുമ്പോൾ സിപിഎം എല്ലാം മറച്ചുവെക്കുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രാജി വച്ചത് ഒരു പരാതിയുടെ പേരിലാണ്. നാല് പരാതികൾ വന്നിട്ടും എംഎൽഎ രാജി വെക്കേണ്ടെന്നാണ് സിപിഎം നിലപാട്. ഇവരുടെ പേരുകൾ വായിച്ച് മനസിലാക്കിയതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിയും സജി ചെറിയാനും ചേർന്ന് നാലര വർഷം പൂഴ്ത്തിയത്. സർക്കാർ ഇപ്പോഴും കള്ളക്കളി തുടരുകയാണ്. ഒരു നടപടിയും സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. ശരിയായി അന്വേഷിക്കാൻ ആണെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് കൊല്ലം എംഎൽഎ മുകേഷിനെയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.