Asianet News MalayalamAsianet News Malayalam

കൊവിഡിന്‍റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ കൊള്ള നടത്തുകയാണെന്ന് കെ സുരേന്ദ്രന്‍

പിണറായി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ പരാജയമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി, ജല ബില്ലുകള്‍ സൗജന്യമാക്കി കൊടുക്കുമ്പോള്‍ കേരളം തീവെട്ടിക്കൊള്ള നടത്തുന്നു

K Surendran says state government is looting covering covid 19
Author
Thiruvananthapuram, First Published Jun 15, 2020, 9:38 PM IST

തിരുവനന്തപുരം: പ്രവാസികളോട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത് നീചമായ നിലപാടാണെന്നും കൊവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ കൊള്ളനടത്തുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കൊവിഡ് പ്രതിരോധം പരാജയപ്പെട്ടതിലും കൊവിഡിനെ മറയാക്കിയുള്ള അഴിമതിക്കെതിരെയും ബിജെപി സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടി സെക്രട്ടേറിയറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. കൊവിഡ് പരിശോധനകള്‍ കൂടാതെ മുഴുവന്‍ പ്രവാസികളെയും കൊണ്ടുവരണമെന്ന് നിയമസഭ പ്രമേയവും പാസാക്കി. കേന്ദ്രത്തിന്റെ വന്ദേഭാരത് മിഷനിലൂടെ പതിനായിരക്കണക്കിന് പ്രവാസികള്‍ ഇന്ത്യയിലേക്ക് വന്നുതുടങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റി. പ്രവാസി വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് ഇപ്പോള്‍ പറയുന്നത്.

മാത്രമല്ല ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ടെസ്റ്റ് റിസള്‍ട്ടുമായി വേണം മടങ്ങിവരാനെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദേശത്ത് നാലോ അഞ്ചോ ദിവസം കഴിഞ്ഞാല്‍ മാത്രമെ ടെസ്റ്റ് നടത്തി റിസള്‍ട്ടു കിട്ടുകയുള്ളു. ലക്ഷണങ്ങള്‍ ഇല്ലാത്തവരെ അവിടെ കൊവിഡ് ടെസ്റ്റ് നടത്തുകയുമില്ല. പിന്നെങ്ങനെയാണ് പരിശോധനാ ഫലവുമായി പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ കഴിയുകയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

പിണറായി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ പരാജയമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി, ജല ബില്ലുകള്‍ സൗജന്യമാക്കി കൊടുക്കുമ്പോള്‍ കേരളം തീവെട്ടിക്കൊള്ള നടത്തുന്നു. കൊവിഡിനെ മറയാക്കി പണമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ചെയ്യുന്ന നിഗൂഢ നീക്കങ്ങള്‍ ഇനിയും എതിര്‍ക്കപ്പെടാതെ പോകുന്നത് ശരിയല്ല.

ഇതിനെതിരെ 17ന് ജില്ലാകേന്ദ്രങ്ങളിലും 19ന് മണ്ഡലം കേന്ദ്രങ്ങളിലും പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 2021 മെയ് കഴിഞ്ഞാല്‍ പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ ക്വാറന്റീനില്‍ ആക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ശത്രുരാജ്യത്തെ ജനങ്ങളോട് കണിക്കാത്ത ക്രൂരതയാണ് പിണറായി വിജയന്‍ കേരള ജനതയോട് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി ദുരന്തത്തിന് ശേഷം കൊറോണ ബാധയെയും ഒന്നായി നിന്ന് നേരിടാന്‍ ജനങ്ങള്‍ തയ്യാറായതാണെന്നും എന്നാല്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്  പ്രത്യക്ഷ സമരത്തിന് ഇറങ്ങേണ്ടിവന്നതിന് കാരണമായതെന്നും അധ്യക്ഷത വഹിച്ച ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.

Follow Us:
Download App:
  • android
  • ios