തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്വദേശിക്ക് കൊവിഡ് 19 രോ​ഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോ​ഗിക്ക് മികച്ച പരിചരണമാണ് നൽകുന്നത്. ഇയാൾ രണ്ട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.  മരണാനന്തര ചടങ്ങിൽ ഒരു കാസർകോട് സ്വദേശിയും ചെന്നെെ സ്വദേശിയും പങ്കെടുത്തു. ഇയാൾ പള്ളിയിൽ സ്ഥിരമായി പോകുമായിരുന്നു എന്നും കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരത്ത് രോ​ഗം സ്ഥിരീകരിച്ച ഒമ്പത് പേരിൽ അഞ്ച് പേർ ചികിത്സയിലാണ്. അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തിൽ പൂർണമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളായ എല്ലാവർക്കും ഭക്ഷണമെത്തിക്കും. ലോക്ക് ഡൗണിൽ പൊലീസ് ഒരുപാട് കഷ്ടപ്പെടുന്നുവെന്നും കടകംപള്ളി പറഞ്ഞു. ഒന്ന് കടുപ്പിച്ച് സംസാരിച്ചാൽ പൊലീസ് അതിക്രമമായി വിമർശിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.