പോത്തൻകോട് സ്വദേശിക്ക് എവിടെ നിന്ന് രോഗം കിട്ടി എന്നത് സ്ഥിരീകരിക്കാനാവാത്തത് ദൗർബല്യമാണ്
തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധിച്ച് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ പേരുടെ സ്രവ പരിശോധന നടത്തിയ പോത്തൻകോട് പ്രദേശവാസികളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട് സ്വദേശിക്ക് എവിടെ നിന്ന് രോഗം കിട്ടി എന്നത് സ്ഥിരീകരിക്കാനാവാത്തത് ദൗർബല്യമാണ്. അതേസമയം ഡയാലിസിസ് തുടങ്ങിയ ചികിത്സകൾ പോത്തൻകോട്ടുകാർക്ക് നിഷേധിച്ചാൽ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത് സ്വാഗതാഹമാണ്. ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച തിരുവല്ലം സ്വദേശിയുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ രണ്ടാമത്തെ കൊവിഡ് മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്ട് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുകയാണ്. കൊവിഡ് ബാധിച്ച് മരിച്ച ആൾക്ക് വൈറസ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും പ്രദേശത്ത് കരുതൽ നടപടികൾ പുരോഗമിക്കുന്നു.
