Asianet News MalayalamAsianet News Malayalam

'ചെറിയ പനിക്ക് ആരും വരേണ്ട'; തിരു. മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങള്‍ ആലോചനയിലെന്ന് മന്ത്രി

ഒപിയില്‍ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തും. ചെറിയ പനിക്ക് ചികിത്സ തേടുന്നതിനായി ആരും മെഡിക്കല്‍ കോളേജില്‍ വരരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. 

kadakampally surendran on covid situation in trivandrum medical college
Author
Thiruvananthapuram, First Published Jul 19, 2020, 1:59 PM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 150 ജീവനക്കാര്‍ക്ക് കൊവിഡ് നിരീക്ഷണത്തില്‍ പോയത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മെഡിക്കല്‍ കോളേജില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒപിയില്‍ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തും. ചെറിയ പനിക്ക് ചികിത്സ തേടുന്നതിനായി ആരും മെഡിക്കല്‍ കോളേജില്‍ വരരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് വാർഡുകളിൽ പ്രവർത്തിക്കുന്നവർക്ക് അസുഖം വന്നിട്ടില്ലെന്നും മറ്റ് വിഭാഗങ്ങളിലെയും എല്ലാ ആരോഗ്യ പ്രവർത്തകരും മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.  കഴിഞ്ഞ ദിവസം ആറ് ഡോക്ടർമാർക്ക് രോഗം ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, 40 ഡോക്ടർമാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാർക്ക് തന്നെ രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 

കൊവിഡ് ഡ്യൂട്ടി എടുക്കാത്തവർക്കടക്കം രോഗം ബാധിച്ച സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവുമായി നഴ്‍സ്‍മാരുടെ സംഘടന രംഗത്തെത്തി. പരിശോധന കൂട്ടുന്നത് അടക്കമുള്ള അടിയന്തിര നടപടിയാണ് നേഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. 07, 15, 18,19 വാർഡുകൾ ഓർത്തോ, സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിലെ ചില വിഭാഗങ്ങൾ, എന്നിവ വ്യാപന ഭീഷണിയിലാണ്. ശസ്ത്രക്രിയ വാർഡ് നേരത്തെ അടച്ചിരുന്നു. കൂടുതൽ ഡിപ്പാർട്ടമെന്‍റുകള്‍ അടച്ചിടേണ്ടിവരും. രോഗികൾക്ക് കൂട്ടിരിപ്പിനെത്തിയവരിൽ നിന്നാണ് വ്യാപനമെന്നാണ് നിഗമനം. 

അതേസമയം, സമ്പർക്ക വ്യാപനം ഉയർത്തുന്നത് തിരുവനന്തപുരം നഗരത്തില്‍ ആശങ്കയിലാക്കുകയാണ്. പേട്ട, സ്റ്റാച്യു, പേരൂർക്കട, കുടപ്പനക്കുന്ന്, തൈക്കാട് അടക്കമുള്ള മേഖലകളിലാണ് രോഗവ്യാപനം. കൊവിഡ് രോഗികള്‍ ഇടപെട്ട പോത്തീസ്, ക്യുആർഎസ്, രാമചന്ദ്ര അടക്കം സൂപ്പർ മാർക്കറ്റുകൾ, സർക്കാരോഫീസുകൾ, ബാങ്കുകൾ എന്നിവയുടെ പട്ടിക സർക്കാർ പുറത്തിറക്കി. കഴിഞ്ഞ മൂന്നാഴ്‍ചക്കിടെ ഇവിടങ്ങളിൽ പോയവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. തിരുവനന്തപുരത്തിന്‍റെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കിത്തുടങ്ങി.

Follow Us:
Download App:
  • android
  • ios