തിരുവനന്തപുരം: ശബരിമല പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി ഇല്ലെന്ന് സൂചിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍. തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചു. നവകേരള സൃഷ്ടിക്ക് ഒപ്പം താനും വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും കടകംപള്ളി പറഞ്ഞു. 

ശബരിമല വിഷയത്തില്‍ പ്രതികരണങ്ങൾ നിയന്ത്രിച്ച് പരമാവധി ഒഴിയാൻ ശ്രമിക്കുമ്പോഴായിരുന്നു സിപിഎമ്മിനെ വെട്ടിലാക്കി കടകംപള്ളി ഖേദപ്രകടനം നടത്തിയത്. എന്നാല്‍ കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണം. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി പറഞ്ഞിരുന്നു.