തിരുവനന്തപുരം: കഴക്കൂട്ടത്തെ യാത്രാദുരിതത്തിന് പരിഹാരം കാണാനൊരുങ്ങി സർക്കാർ. മേൽപ്പാല നിർമ്മാണം നടക്കുന്നതിന് സമീപം താൽക്കാലിക സർവീസ് റോഡ് നിർമ്മിക്കും.  സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെളിക്കെട്ടിൽ കുരുങ്ങിയ യാത്രക്കാരെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.

ചെളിക്കെട്ടിലെ യാത്രാദുരിതത്തിന് ഉടൻ താൽക്കാലിക പരിഹാരം കാണാനാണ് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും പൊലീസും നടത്തിയ ചർച്ചയിലെ ധാരണ. മേൽപ്പാലം നിർമ്മിക്കുന്ന കഴക്കൂട്ടം മുതൽ ബൈപ്പാസ് ജംഗ്ഷൻ വരെ ഏഴ് മീറ്റർ സർവ്വീസിന് റോഡ് നിർമ്മിക്കും. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും ഓട നിർമ്മിക്കാനുമുള്ള ജോലി തുടങ്ങും. റോഡിന് സമീപത്തെ ചില കെട്ടിടങ്ങൾ ഇതിനായി പൊളിച്ചുമാറ്റും. ഇതിനാവശ്യമായ സംരക്ഷണം പൊലീസ് നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ഗതാഗത കുരുക്ക് കുറയ്ക്കാൻ വലിയ വാഹനങ്ങൾ തീരദേശ റോഡ് വഴി തിരിച്ചുവിടും. ടെക്‌നോപാര്‍ക്ക് മുതല്‍ മിഷന്‍ ഹോസ്പ്പിറ്റല്‍ ജംഗ്ഷന്‍ വരെയുള്ള 2.72 കിലോമീറ്റര്‍ ദൂരമാണ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നത്. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയതോടെ വഴിയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.