തിരുവനന്തപുരം: ദോഹ-തിരുവനന്തപുരം വിമാനത്തില്‍ നാളെ എത്തുന്ന പ്രവാസികളുടെ പുതിയ പട്ടിക കിട്ടിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിദേശത്ത് നിന്ന് എത്തുന്ന തമിഴ്‍നാട് സ്വദേശികളെ നാട്ടിലേക്ക് അയക്കും. ഇതിനായി തമിഴ്‍നാടിനോട് ബസുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

ഇന്നലെ മുടങ്ങിയ ദോഹ തിരുവനന്തപുരം വിമാനം നാളെ ഏഴിനാണ് ഖത്തറില്‍ നിന്ന് പുറപ്പെടുന്നത്. സര്‍വ്വീസ് നടത്താന്‍ ഖത്തര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണിത്. എന്നാല്‍ യാത്രക്കാരുടെ പുതിയ പട്ടിക കിട്ടിയിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. ഇന്നലത്തെ വിമാനം റദ്ദാക്കിയത് ഇമിഗ്രേഷന്‍ പ്രശ്‍നങ്ങള്‍ കാരണമെന്ന് കേന്ദ്രം അനൗദ്യോഗികമായി അറിയിച്ചതായും എന്നാല്‍ കേന്ദ്രത്തിന്‍റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭിച്ചില്ലെന്നും കടകംപള്ളി അറിയിച്ചു.

നാളെ വൈകിട്ട് പുറപ്പെടുന്ന വിമാനം അർധരാത്രി 12:40 ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെ ലാൻഡിങ് ചാര്‍ജ്, ഹാൻഡ്‌ലിങ് , കൗണ്ടർ ചാർജ്  ഉൾപ്പെടെയുള്ള നിരക്കുകളില്‍ ഇന്ത്യയ്ക്ക് നല്‍കിയ  ഇളവുകള്‍ പിന്‍വലിക്കാന്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. പൗരന്മാര്‍ക്ക് വേണ്ടി സൗജന്യ  രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് ഇന്ത്യ ഖത്തറിനെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള  ആദ്യവിമാനം പുറപ്പെട്ട ശേഷമാണ് യാത്രക്കാരോട് പണം ഈടാക്കുന്ന കാര്യം ഖത്തര്‍ മനസിലാക്കിയത്.

 ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വെയസ് തയ്യാറാണെന്ന് ഖത്തറും നിലപാടെടുത്തു. എന്നാല്‍ ഇതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം തയാറാവാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വിമാനം ഇറക്കുന്നതിന് ഖത്തര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ ഖത്തറില്‍ നിന്നുള്ള ചില യാത്രക്കാര്‍ക്ക് നിയമ പ്രശ്‍നങ്ങള്‍ ഉള്ളതുകൊണ്ടാണ് അനുമതി കിട്ടാത്തതെന്നായിരുന്നു കേന്ദ്രത്തിന്‍റെ വിശദീകരണം. എന്നാല്‍ അത്തരം യാത്രക്കാര്‍ക്ക് മാത്രമേ  എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതിരിക്കു. അതിന് വിമാനത്തിന് ഇറങ്ങാന്‍ അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.