തിരുവനന്തപുരം: പോത്തന്‍കോട് കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയ ആളുകള്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി.  മക്കളടക്കമുള്ളവര്‍ ക്വാറന്‍റൈനില്‍ പോകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മരിച്ച അബ്ദുൾ അസീസ് ആരൊക്കെയായി അടുത്ത് ഇടപെട്ടെന്നത് വ്യക്തമാണ്. ഇക്കഴിഞ്ഞ മൂന്നാം തിയിതി മുതല്‍ 23ാം തിയതി വരെയുള്ള ദിവസങ്ങളില്‍ മരണാനന്തര ചടങ്ങ്, വിവാഹം, സ്കൂള്‍ പിടിഎ യോഗം, ബാങ്ക് ചിട്ടി ലേലം, ജുമാനമസ്കാരം തുടങ്ങിയ കാര്യങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ നാട്ടിലെ ഒരു കടയില്‍ പോയി ഇയാള്‍ ഇരിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു. 

എന്നാല്‍ സാമൂഹ വ്യാപന ലക്ഷണങ്ങൾ ഇതുവരെ ഇല്ല. അബ്ദുള്‍ അസീസിന് രോഗം പടര്‍ന്നത് എവിടെ നിന്നാണ് എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. മരിച്ചയാള്‍ പങ്കെടുത്ത പൊതുചടങ്ങുകളില്‍ പങ്കെടുത്ത വിദേശത്ത് നിന്നെത്തിയവരെയും കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ നിന്ന് എത്തിച്ചേര്‍ന്നവരെയും കണ്ടെത്തി പരിശോധിക്കും. സംശയമുള്ളവരെ ക്വാറന്‍റൈന്‍ ചെയ്യുകയാണെന്നും സ്രവം വരും ദിവസങ്ങളില്‍ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു. 

അബ്ദുള്‍ അസീസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും മന്ത്രി അറിയിച്ചു. വൃക്കയുടെ പ്രവര്‍ത്തനം നിലച്ചിരുന്നതായും, വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നും മന്ത്രി അറിയിച്ചു. പ്രോട്ടോക്കള്‍ അനുസരിച്ചായിരിക്കും സംസ്കാരം നടക്കുക. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വളരെയധികം ശ്രമിച്ചിരുന്നതായും മന്ത്രി പറഞ്ഞു.