Asianet News MalayalamAsianet News Malayalam

'പോരാളി ഷാജിയാണോ ഇടതുപക്ഷം? കാഫിർ സ്ക്രീൻഷോട്ട് ഉറവിടം അറിയട്ടെ, വേണമെങ്കിൽ വിശദീകരണം ചോദിക്കും':എംവി ഗോവിന്ദൻ

ആരെയെങ്കിലും പുകമറയിൽ നിർത്തുകയോ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയോ അല്ല വേണ്ടത്. കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണം. 

kafir screenshot controversy mv govindan cpim state secretary response
Author
First Published Aug 16, 2024, 5:19 PM IST | Last Updated Aug 16, 2024, 5:19 PM IST

തിരുവനന്തപുരം : വടകരയിലെ 'കാഫിർ' സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫി‍ര്‍ പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും സ്ക്രീൻ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം ചോദിക്കേണ്ടവരോടൊക്കെ ചോദിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. 

'പോരാളി ഷാജിയാണോ ഇടതുപക്ഷം? സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സൈബ‍ര്‍ ഇടത്തിലെ പോരാളിഷാജിമാരല്ല. ആരെയെങ്കിലും പുകമറയിൽ നിർത്തുകയോ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയോ അല്ല വേണ്ടത്. കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണം. വിഷയത്തിൽ ആദ്യം പരാതി നൽകിയത് ഇടതുമുന്നണിയാണ്. പോരാളി ഷാജിയാണോ ഇടതുപക്ഷമെന്ന ചോദ്യമുയ‍ര്‍ത്തിയ എംവിഗോവിന്ദൻ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ. കെ ലതികയെയും ന്യായീകരിച്ചു. സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് പ്രചരിപ്പിക്കാനല്ല. അത് നാടിന് ആപത്താണെന്ന് അറിയിക്കാനാണ്. അതിനെ തെറ്റിദ്ധരിക്കുന്നത് ശരിയല്ലെന്നാണ് എംവിഗോവിന്ദന്റെ വിശദീകരണം. 

'കാഫി‍ര്‍ സ്ക്രീൻ ഷോട്ട് വിഷയം ഒറ്റപ്പെട്ട പ്രശ്നമെന്ന നിലയിൽ കൈകാര്യം ചെയ്യാനാണ് ശ്രമം നടന്നത്. അത് ശരിയായ നിലപാടല്ല. അശ്ലീല പ്രചരണമടക്കം അവിടെയുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പിൽ വന്നതിന് പിന്നാലെ തന്നെ കെ. കെ ശൈലജയെ അധിക്ഷേപിച്ചാണ് പ്രചാരണമുണ്ടായത്. വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന കെ. കെ ശൈലജക്കെതിരെ മുസ്ലീം വിരുദ്ധത ആരോപിക്കാൻ ബോധപൂർവ്വം ശ്രമം നടന്നു. പാനൂർ പ്രതികൾക്കൊപ്പം കെകെ ശൈലജ നിൽക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കി  പ്രദർശിപ്പിക്കാൻ ശ്രമിച്ചു. മുസ്‍ലിം സമുദായം മുഴുവൻ വർഗീയവാദികളെന്ന് ശൈലജ പറഞ്ഞതായുള്ള പ്രചരണം ഉണ്ടായി. ലൗ ജിഹാദിൽ ടീച്ചർക്ക് ആർഎസ്എസ് നിലപാടെന്ന് പ്രചരിപ്പിച്ചു. 

കാഫിർ സ്ക്രീൻ ഷോട്ട്: കെകെ ലതികയെ ന്യായീകരിച്ച് ഇപി ജയരാജൻ, പിന്നിൽ യുഡിഎഫ് തന്നെയെന്ന് പ്രതികരണം

പാനൂർ ബോംബ് കേസ് പ്രതികൾക്ക് ഒപ്പം ടീച്ചർ നിൽകുന്ന വ്യാജ ചിത്രങ്ങളും പ്രചരിപ്പിച്ചു. ഇവയ്ക്ക് പിന്നിൽ ന്യൂ മാഹിയിലെ ലീഗ് പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ അസ്ലം പേരാമ്പ്രയിലെ സൽമാൻ മാളൂർ അടക്കം ലീഗ് പ്രവർത്തകരായിരുന്നു. തെറ്റായ വാർത്തകളുടെ പ്രചരണം, എഐ പിന്തുണയോടെയുള്ള ഇടപെലുകൾ, കപട വാർത്തകൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം എല്ലാറ്റിന്റെയും പ്രതിഫലനം ഉണ്ടായി. തെറ്റായ ഇത്തരം പ്രവണതകളെ തുറന്ന് കാണിക്കണമെന്നാണ് സിപിഎം സ്വീകരിക്കുന്ന നിലപാട്. എസ് ഡി പി ഐ-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിലാണ് കോൺഗ്രസ് വടകരയിൽ  മത്സരിച്ചത്. അതാണ് 2.5 ശതമാനം വോട്ട് കുറഞ്ഞിട്ടും ചില മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷത്തിന് ജയിച്ചത്.  

 

 

Latest Videos
Follow Us:
Download App:
  • android
  • ios